തിരുവല്ല: റോഡപകടങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍. റോഡിലെ കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. അപകടം സംഭവിച്ചതില്‍ പൊതുമരാമത്ത് വകുപ്പിനും ജല വകുപ്പിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ എന്ന മറു ചോദ്യവും അദ്ദേഹം ചോദിച്ചു.
പാലാരിവട്ടത്ത് അപകടമുണ്ടായതിന് കാരണം പൈപ്പ് പൊട്ടിയതാണ്. പിഡബ്ല്യൂഡിയുടെ കുറ്റം കൊണ്ടുണ്ടായ കുഴിയല്ല അത്. നാലു മാസമായി പൈപ്പ് പൊട്ടിക്കിടക്കുകയായിരുന്നു. അതിനെ പറ്റി ആരും ചര്‍ച്ചചെയ്യുന്നില്ല. പൊട്ടിയ പൈപ്പ് എന്തിന് വാങ്ങി? ആര് വാങ്ങി? എന്ത് നടപടിയെടുത്തു? എന്നെല്ലാം അന്വേഷിക്കേണ്ടതുണ്ട്. പൊട്ടിയ പൈപ്പുകള്‍ നാടുമുഴുവനിട്ടവര്‍ സുഖമായി ജീവിക്കുകയാണ്.
പൈപ്പ് പൊട്ടിയ ഇടത്ത് സൂചനാ ബോര്‍ഡ് വെക്കണം. അത് പിഡബ്ല്യുഡി നിയമമാണ്. അത് എഞ്ചിനീയര്‍മാരുടെ ജോലിയാണ്. അവരത് ചെയ്തില്ല. നമ്മുടെ നാട്ടില്‍ ഇതൊക്കെ നടക്കുന്നുണ്ട്. കോടതിയില്‍ കേസ് കെട്ടിക്കിടക്കുന്നില്ലേ അത് ജഡ്ജിമാരുടെ കുറ്റമാണോ? മന്ത്രി ചോദിച്ചു.
ഇത്തരം ദാരുണമായ സംഭവങ്ങളില്‍ കോടതി പ്രതികരിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഇതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഇക്കാര്യങ്ങള്‍ പൊതുമരാമത്ത് മന്ത്രിയും ധനകാര്യമന്ത്രിയും നിര്‍വഹിച്ചാല്‍ പോര. ഞങ്ങള്‍ കാശ് കൊടുത്താല്‍ പോരെ? ഉദ്യോഗസ്ഥര്‍ അത് നടപ്പിലാക്കണം. അതിനല്ലേ ശമ്പളം കൊടുക്കുന്നത്. കുറ്റം ചെയ്തവരിലേക്കാണ് തിരിയേണ്ടത്.
എറണാകുളം നഗരത്തിന് വേണ്ടി മാത്രം റോഡ് അറ്റകുറ്റപ്പണികള്‍ക്ക് ഞാന്‍ ഏഴ് കോടി രൂപ കൊടുത്തിട്ടുണ്ട്. കുറേ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.