കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനമെത്തുന്നില്ലെന്ന വ്യാജ പ്രചാരണം സംസ്ഥാനത്തെ പമ്പുകളില്‍ വലിയ തിരക്കുണ്ടാക്കുന്നു. മഴക്കെടുതി മൂലം ചില പമ്പുകളില്‍ വെള്ളം കയറിയതും റോഡ് മാര്‍ഗം ചില ഭാഗങ്ങളില്‍ ഇന്ധനമെത്തിക്കാന്‍ കഴിയാത്തതുമായ ചെറിയ പ്രശ്‌നമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കാതെ ജനങ്ങള്‍ കൂട്ടത്തോടെ പമ്പുകളിലേക്കെത്തുന്നത് പലയിടത്തും ഗതാഗത തടസ്സവുമുണ്ടാക്കുന്നു.
മഴക്കെടുതി മൂലം റോഡിലൂടെ ഇന്ധനമെത്തിക്കാന്‍ കഴിയാത്ത വടക്കന്‍ കേരളത്തിലെ ചുരുക്കം ചില ജില്ലകളില്‍ മാത്രമാണ് താല്‍ക്കാലികമായി ഇന്ധനക്ഷാമം അനുഭവപ്പെടുന്നത്. മഴമാറി വെള്ളമിറങ്ങിത്തുടങ്ങിയതോടെ പലയിടങ്ങളിലും ഇന്ധനം എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോഴിക്കോട് നഗരത്തിലടക്കം പെട്രോള്‍പമ്പിന് പരിസര ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ അനുഭവപ്പെടുന്നത് വലിയ ക്യൂവാണ്. പലപ്പോഴും തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് ഇടപെടേണ്ടി വന്നു.
മഴക്കെടുതി ഏറെ ബാധിച്ചിട്ടുള്ള വടക്കന്‍ കേരളത്തിലെ പ്രധാനമായും കോഴിക്കോട്, വയനാട് ഭാഗങ്ങളിലെ ചിലയിടങ്ങളില്‍ മാത്രമാണ് കമ്പനികള്‍ക്ക് ഇന്ധനമെത്തിക്കാന്‍ കഴിയാത്തതെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി ശിവാനന്ദന്‍ ചൂണ്ടിക്കാട്ടി. റോഡുകളില്‍ വെള്ളം കയറിയത് മൂലം കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് പലര്‍ക്കും പമ്പുകളില്‍ ജോലിക്കെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ പമ്പുകള്‍ പ്രവര്‍ത്തിച്ചുമില്ല. ഇത് ഇന്ധന ലഭ്യതക്കുറവുകൊണ്ടാണെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍ കൂട്ടത്തോടെയെത്തുകയായിരുന്നുവെന്ന് പെട്രോള്‍ പമ്പ് ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു.
ചില പമ്പുകളില്‍ പെട്രോള്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നിട്ടുണ്ട്. പക്ഷെ പെട്രോള്‍ ലോറികള്‍ എത്തിത്തുടങ്ങുന്നുമുണ്ട്. ചില പമ്പുകളില്‍ നിന്ന് പല കാനുകളിലായി വലിയ തോതില്‍ എണ്ണ വാങ്ങി സൂക്ഷിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.