കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇതിനായി ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പണം പിരിക്കുന്നത് ഓഡിറ്റ് ചെയ്യണം. സര്‍ക്കാര്‍ നടപടി സുതാര്യമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
അതേസമയം പ്രളയദുരിതാശ്വാസത്തിനായി എത്തിയ പണം വേറെ ആവശ്യത്തിനായി ഉപയോഗിക്കില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്‌സ് ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി വിനിയോഗിക്കുന്ന പണത്തിന് കൃത്യമായ കണക്കുണ്ടെന്നും എജി കോടതിയെ അറിയിച്ചു. പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യം ചോദിച്ചത്.
ഓഗസ്റ്റ് 15 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം പ്രത്യേക അക്കൗണ്ട് രൂപീകരിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. പണം കൃത്യമായി വിനിയോഗിക്കാനായി പ്രത്യേക നിധി രൂപീകരിച്ചുകൂടെയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആര് പണം തന്നാലും അത് എങ്ങനെ വിനിയോഗിക്കണമെന്ന് സര്‍ക്കാരിന് കൃത്യമായ രൂപരേഖയുണ്ട്. മാത്രമല്ല പണം തന്നവര്‍ക്ക് അത് എങ്ങനെ വിനിയോഗിച്ചുവെന്നറിയാന്‍ അവകാശവുമുണ്ടെന്നും എജി മറുപടി നല്‍കി. ചിലവുകളുടെ കണക്കുകള്‍ കൃത്യമായിരിക്കണമെന്നും എങ്കിലെ സിഎജിക്ക് ഇവ പരിശോധിക്കാന്‍ സാധിക്കുവെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങളും എന്‍ജിഒ സംഘടനകളും പണം പിരിക്കുന്നുണ്ട്. ഇവ മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കോടതി ആരാഞ്ഞു.