തിരുവനന്തപുരം: വെടിക്കെട്ടുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍. പോലീസ് ഈ നിലപാട് അഡ്വക്കേറ്റ് ജനറലിനെ അറിയിച്ചു. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നതിന്റെ മുന്നോടിയായാണ് എ.ജിയെ നിലപാട് അറിയിച്ചത്. വെടിക്കെട്ടുകള്‍ പൂര്‍ണമായി നിരോധിക്കുക മാത്രമാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പോംവഴിയെന്ന് ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്.
തലശ്ശേരിയിലും കൊല്ലത്തെ മലനടയിലും മുമ്പ് വലിയ വെടിക്കെട്ട് ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താനാകുന്നില്ല. വെടിക്കെട്ടിന് അനധികൃത വസ്തുക്കള്‍ ഉപയോഗിക്കുന്നുവോയെന്ന് പരിശോധിക്കാന്‍ പോലീസിന് പരിമിതിയുണ്ട്. അതിനാല്‍ ഇത്തരം സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം പോലീസിനുമേല്‍ കെട്ടിവെക്കുന്നതില്‍ കാര്യമില്ല. വെടിക്കെട്ടിന് പകരം ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ പരിഗണിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.