കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് എഫ്.സി.സി. സന്യാസിനി സമൂഹത്തിന്റെ മുന്നറിയിപ്പ് വീണ്ടും. സന്യാസ സഭയില്‍ നിന്ന് സ്വയം പുറത്ത് പോകണം അല്ലെങ്കില്‍ പുറത്താക്കുമെന്നും അറിയിച്ച് കൊണ്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഇത് മൂന്നാം തവണയാണ് എഫ്.സി.സി. സന്യാസിനി സമൂഹം സിസ്റ്റര്‍ ലൂസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്.
രണ്ട് തവണയും സിസ്റ്റര്‍ ലൂസി കാരണം കാണിക്കലിന് മറുപടി നല്‍കിയിരുന്നു. സഭയില്‍ നിന്ന് പുറത്ത് പോകണം. അതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് തരും. പുറത്ത് പോകുന്നില്ലെങ്കില്‍ അതിനുള്ള കാരണം കാണിക്കാനാണ് ഇപ്പോള്‍ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് ചട്ടങ്ങള്‍ ലംഘിച്ചാണ്. കാറു വാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്ര്യവ്രതത്തിന് വിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നു.
എന്നാല്‍ സന്ന്യാസത്തില്‍ നിന്ന് പുറത്ത് പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതില്‍ തുടരുമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.
Content Highlights: fcc council given notice to sister lucy kalappurakkal