ഫോനി ചുഴലിക്കാറ്റ്: രണ്ടുദിവസം കനത്ത മഴയ്ക്കു സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്


3 min read
Read later
Print
Share

കേരളത്തില്‍ ഞായറാഴ്ച മുതല്‍ ശക്തമായ കാറ്റും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് അടുത്ത രണ്ടു ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

കേരളത്തില്‍ ഞായറാഴ്ച മുതല്‍ ശക്തമായ കാറ്റും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ പല ജില്ലകളിലും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ചെന്നൈയില്‍നിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് അടുത്ത ശക്തിപ്രാപിച്ച് വടക്ക്-പടിഞ്ഞാറന്‍ തീരത്തേയ്ക്ക് അടുക്കുകയാണ്. ചൊവ്വാഴ്ചയോടെ തമിഴ്നാട്, ആന്ധ്ര തീരത്തോട് അടുക്കും. വരുംമണിക്കൂറുകളില്‍ കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുകയും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. 170 കിലോമീറ്റര്‍വരെ വേഗത്തില്‍ ഫാനി വീശാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ഏപ്രില്‍ 29, 30 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

മല്‍സ്യതൊഴിലാളികള്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും പോകാന്‍ പാടില്ല.
ഈ സമയത്ത് തീരം പ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്തും മത്സ്യബന്ധനത്തിന്ന് പോകാന്‍ പാടില്ല. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മേല്‍പറഞ്ഞ പ്രദേശങ്ങളിലേക്ക് പോകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാനിര്‍ദേശം

മഴയുടെയും കാറ്റിന്റെയും സാഹചര്യം പരിഗണിച്ച് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയിലെ ജനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു:

1. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്,കണ്ണൂര്‍ എന്നി ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാവിലെ ഏഴ് മുതല്‍ പുലര്‍ച്ചെ ഏഴ് വരെയുള്ള സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.

2. മലയോര മേഖലയിലെ റോഡുകളള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.

3.മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.

4.കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകള്‍ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്.

5. ഒരു കാരണവശാലും നദികള്‍, ചാലുകള്‍ എന്നിവ മുറിച്ചു കടക്കരുത്.

6 . പാലങ്ങളിലും നദിക്കരയിലും മറ്റും സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.

7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക

8. കാറ്റിന്റെ സാഹചര്യത്തില്‍ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്.

9. മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം.

10. നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക. ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍ (ഒരു വ്യക്തിക്ക് എന്ന കണക്കില്‍):

ടോര്‍ച്ച്, റേഡിയോ,1 ലിറ്റര്‍ വെള്ളം, ഒആര്‍എസ്- ഒരു പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ബിസ്‌ക്കറ്റോ റസ്‌ക്കോ പോലുള്ളവ, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍, തീപ്പെട്ടിയോ ലൈറ്ററോ, അത്യാവശ്യം കുറച്ച് പണം

9.പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ വെള്ളം കയറാത്തതും എളുപ്പം എടുക്കാന്‍ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക.

10.ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക.

11.ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ ശ്രദ്ധിക്കുക

-തിരുവനന്തപുരം MW (AM): 1161 kHz

-ആലപ്പുഴ MW (AM): 576 kHz

-തൃശൂര്‍ MW (AM): 630 kHz

-കോഴിക്കോട് MW (AM): 684 kHz

12 . ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ അതാതു ജില്ലകളുടെ എസ്.ടി.ഡി കോഡ് ചേര്‍ക്കുക.

13 . പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.

14.വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.

15 . വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

ഇടിമിന്നല്‍ മുന്നറിയിപ്പ് തുടരുന്നതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നേ പുറപ്പെടുവിച്ച ഇടിമിന്നല്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം.

Content Highlights: Fani Cyclon, heavy rain in kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: എസ് ഐക്ക് സസ്‌പെന്‍ഷന്‍

Aug 2, 2018


mathrubhumi

1 min

ന്യൂനമര്‍ദ്ദം, കൊച്ചിയില്‍ നിന്ന് പോയ 150 ബോട്ടുകളേക്കുറിച്ച് വിവരങ്ങളില്ല

Oct 5, 2018


mathrubhumi

വീണ്ടും മണിമുഴക്കം: 'സബ് കളക്ടര്‍ വെറും ചെറ്റ'

Apr 23, 2017