വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നയാള്‍ പിടിയില്‍


ഇയാളുടെ കയ്യില്‍ നിന്നും നിരവധി വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്

എറണാകുളം: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന യുവാവ് പിടിയിലായി.കാസര്‍കോട് ചെങ്കള നാലാം മൈല്‍ സ്വദേശി മിസിറിയ വീട്ടില്‍ മുഹമ്മദ് സാബിദ് (29) ആണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്നും നിരവധി വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് ഡാറ്റകള്‍ വ്യാജ കാര്‍ഡുകളിലേക്ക് പകര്‍ത്തിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. കാര്‍ഡുപയോഗിച്ച് ഷോപ്പിങ് നടത്തുന്ന അവസരത്തില്‍ യഥാര്‍ത്ഥ മെഷീനില്ലാത്ത മറ്റൊരു മെഷീനില്‍ സൈ്വപ്‌ ചെയ്താണ്‌ ഡാറ്റകള്‍ ഇതിനായി ശേഖരിച്ചിരുന്നത്.

ഇങ്ങനെ ഡാറ്റകള്‍ ശേഖരിച്ചെടുക്കുന്നതിനായി ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളത്ത് മേനകയിലുള്ള യൂണിവേഴ്‌സല്‍ മൊബൈല്‍ ഷോപ്പ്, ഇ-സ്റ്റോര്‍ എന്നിവിടങ്ങളില്‍ തട്ടിപ്പ് നടത്തിയതായുള്ള പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

ഇയാളെ ചോദ്യം ചെയ്തതില്‍ നഗരത്തിലെ ഒരു ജ്വല്ലറിയില്‍ നിന്ന് 50,000 രൂപയുടെ സ്വര്‍ണ്ണമാല വാങ്ങിയതടക്കമുള്ള മോഷണങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. എറണാകുളം അസി. കമ്മീഷണര്‍ കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ സിഐ ജി.ഡി വിജയകുമാര്‍, എസ്ഐ വി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram