തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന ഞായറാഴ്ച ഇരകളും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടമാര്‍ച്ച് നടനടത്തി. അതിനിടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമം തുടങ്ങി. എം.വി ജയരാജനും ആരോഗ്യവകുപ്പ് പ്രതിനിധികളും സമരക്കാരുമായി സംസാരിച്ചു.
സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്നുമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കുള്ള മാര്‍ച്ച് തുടങ്ങിയത്. നാലു ദിവസം സമരം ചെയ്തിട്ടും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തതിനേത്തുടര്‍ന്നാണ് മാര്‍ച്ചുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. അതിനിടെ കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല എന്ന തരത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രസ്താവന നടത്തിയതും വിവാദമായി.
ശനിയാഴ്ച സര്‍ക്കാരും സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അര്‍ഹരായവരെ മുഴുവന്‍ പട്ടികയിലുള്‍പ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എട്ടു കുടുംബങ്ങളുടെ സമരം. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളെയടക്കം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നത്.
അര്‍ഹരായവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ എട്ടുകുടുംബങ്ങള്‍ പട്ടിണിസമരം നടത്തുന്നത്. കഴിഞ്ഞദിവസം മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തതായും സമരത്തിനുപിന്നിലെ താത്പര്യവും ലക്ഷ്യവും അറിയില്ലെന്നും മന്ത്രി ശൈലജ പറഞ്ഞിരുന്നു.
കുട്ടികളെ സമരപ്പന്തലില്‍ ഇരുത്തി കഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. എന്നാല്‍ മന്ത്രിക്ക് കുറ്റബോധം ഉളള്ളതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് ദയാബായി അഭിപ്രായപ്പെട്ടു.
കുട്ടികളെ പ്രദര്‍ശിപ്പിക്കുകയല്ല, അവരുടെ ദയനീയസ്ഥിതി ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. ഇങ്ങനെയും കുറെ കുട്ടികള്‍ ഇവിടെ ജീവിക്കുന്നുണ്ടെന്ന് എല്ലാവരും അറിയട്ടേയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുമ്പ് മൂന്നുതവണ എന്‍ഡോസള്‍ഫാന്‍ ഇരകളായവര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം നടത്തിയിരുന്നു. അന്ന് പിന്തുണയറിയിച്ച സി.പി.എം. ഇപ്പോള്‍ ചുവടുമാറ്റുകയാണെന്ന് ജനകീയമുന്നണി ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരും കുഞ്ഞുങ്ങളും ദയാബായിയും നടത്തുന്ന സമരത്തെ അധിക്ഷേപിച്ച മന്ത്രി ശൈലജ പ്രസ്താവന തിരുത്തി മാപ്പുപറയണമെന്ന് സമരസഹായസമിതി ചെയര്‍മാന്‍ എം. ഷാജര്‍ഖാന്‍, കണ്‍വീനര്‍ കെ. സന്തോഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
Content Highlights: Endosulfan victims Protest to CMs House