തിരുവനന്തപുരം: കാസര്‍കോടുനിന്നുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ തിരുവനന്തപുരത്ത് നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്. സമരം അവസാനിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദുരിത ബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന സമര സമിതിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലടക്കം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും എം.വി ജയരാജന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ എട്ട് കുടുംബങ്ങള്‍ സെക്രട്ടേറിയറ്റ് നടയില്‍ അഞ്ച് ദിവസംനീണ്ട സമരം നടത്തിയിരുന്നു. അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലേക്കാണ് അവര്‍ ക്ലിഫ് ഹൗസിലേക്ക് സങ്കട മാര്‍ച്ച് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചപ്പോഴേക്കും മാര്‍ച്ച് തുടങ്ങിയിരുന്നു. വി.എം സുധീരന്‍ അടക്കമുള്ള രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ഇവര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
1905 പേര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ നഷ്ടപരിഹാരവും മറ്റും നല്‍കാന്‍ സര്‍ക്കാര്‍ പട്ടികയില്‍ നിലവില്‍ 364 പേരെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. 11 പഞ്ചായത്തുകളിലുള്ളവരെ മാത്രമേ സര്‍ക്കാര്‍ പരിഗണിക്കുന്നുള്ളൂവെന്നും പരിസരപ്രദേശങ്ങളിലുള്ളവരുടെ ദുരിതം കൂടി സര്‍ക്കാര്‍ കാണണമെന്നുമാണ് സമരസമിതിയുടെ ഒരു ആവശ്യം. അതിനിടെ ദുരിതബാധിതരായ കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം നടത്തുന്നത് ശരിയല്ലെന്നും അതിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ സമരക്കാരെ അവഹേളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു.
Content Highlights: Endosulfan victims, Strike, CM Pinarayi Vijayan