കാസര്‍കോട്: കാസര്‍കോട്ട് ഒരു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കൂടി മരണത്തിന് കീഴടങ്ങി. നിയമതടസ്സങ്ങളാല്‍ സര്‍ക്കാരിന്റെ ചികിത്സാസഹായം ലഭിക്കാതിരുന്ന കാസര്‍കോട് വെസ്റ്റ് എളേരി കപ്പാത്തിക്കാല്‍ കുന്നിന്‍മുകളിലെ രവിയുടെയും കാര്‍ത്ത്യായനിയുടെയും മകന്‍ രത്തുവാണ് മരിച്ചത്.
ആറാം വയസുമുതലാണ് രത്തുവിന് അസുഖത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തല വളരുന്ന അസുഖമായിരുന്നു തുടക്കത്തില്‍. പിന്നീട് ശരീരം തളര്‍ന്ന് കിടപ്പായി. 2011 ലേയും 2017 ലേയും മെഡിക്കല്‍ ക്യാമ്പുകളില്‍ രത്തുവിനെ പങ്കെടുപ്പിച്ചെങ്കിലും ദുരിതബാധിത പട്ടികയില്‍ ഇടം നേടാന്‍ രത്തുവിനായില്ല.
സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നതിനായി ദുരിതബാധിത പഞ്ചായത്തുകളായി സര്‍ക്കാര്‍ നിശ്ചയിച്ച പട്ടികയില്‍ രത്തു താമസിക്കുന്ന വെസ്റ്റ് എളേരി പഞ്ചായത്ത് ഇല്ലാത്തതിനാല്‍ ചികിത്സാസഹായം നല്‍കാനാവില്ല എന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതോടെ രത്തുവിന് സര്‍ക്കാരിന്റെ ചികിത്സ നിഷേധിക്കപ്പെട്ടു.
അതേസമയം, വെസ്റ്റ് എളേരിയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാര്‍ സംവിധാനം കനിഞ്ഞില്ല. ഇതോടെ രത്തുവും നാട്ടുകാരും ബന്ധുക്കളും നിരാശയിലായി.
ഈ അവസരത്തിലാണ് പൊതുപ്രവര്‍ത്തകര്‍ രത്തുവിന്റെ ചികിത്സയ്ക്കായി ധന സമാഹരണത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും കനിവിനായി കാത്തുനില്‍ക്കാതെ രത്തു മരണത്തിന് കീഴടങ്ങുകയായിരുന്നു.
Share this Article
Related Topics