തൃശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഒരു പരിപാടികള്‍ക്കും ആനകളെ പങ്കെടുപ്പിക്കില്ലെന്ന് ആനയുടമകള്‍. ഈ മാസം 11 മുതലാണ് ഈ തീരുമാനം നിലവില്‍ വരിക. ഉത്സവങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ആനയുടമ സംഘം ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതോടെ തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ ഉത്സവങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും.
ഉത്സവാഘോഷങ്ങള്‍ സുരക്ഷിതമായി നടത്താനും നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ ഇടപെടലുണ്ടാകണം. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ ഇതിന്റെ ഭാഗമാവും എന്നുറപ്പില്ല. വനം വകുപ്പ് ഈ മേഖലയെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. വനം വകുപ്പ് മന്ത്രിയും ഇതിന് കൂട്ട് നില്‍ക്കുകയാണ്. ഉത്സവങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനായി ആനകളെ മാറ്റി നിര്‍ത്തുന്നത് ഒഴികെയുള്ള എല്ലാ ശ്രമങ്ങള്‍ക്കും സംഘടന പിന്തുണ നല്‍കും.
തങ്ങളുമായുള്ള മന്ത്രിതല യോഗ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനമാണ് വനം മന്ത്രി പ്രഖ്യാപിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഉത്സവം എന്നത് ഒരു നാടിന്റെ ആഘോഷമാണ്. അത് ആന ഉടമകള്‍ക്ക് കാശുണ്ടാക്കാനുള്ളതല്ല. കേരളത്തിലെ അഞ്ചോ പത്തോ ആനകള്‍ക്ക് മാത്രമാണ് വലിയ വരുമാനമുള്ളത്. മറ്റ് ആനകള്‍ക്ക് തുച്ഛമായ പണമാണ് ലഭിക്കുന്നത്. കോടികള്‍ വരുമാനമുള്ള മാഫിയ പ്രവര്‍ത്തിക്കുന്നു എന്നുള്ള പ്രചരണം നടക്കുന്നു.
വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തങ്ങളോട് പ്രതികാര മനോഭാവം സ്വീകരിക്കുകയാണ്. പള്‍സര്‍ ബൈക്ക് അപകടത്തിന് കാരണമാവുന്നു എന്ന് കൊണ്ട് എല്ലാ പള്‍സര്‍ ബൈക്കും നിരോധിക്കണം എന്ന് പറയുന്നതിന് തുല്യമാണ് ഇതെന്നും ആനയുടമ സംഘം ഭാരവാഹികള്‍ ആരോപിച്ചു. തൃശൂര്‍ പൂരം കൊടിയേറിയ സാഹചര്യത്തില്‍ ആനയുടമ സംഘത്തിന്റെ ഈ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു
content highlights: Elephant owners Federation, Thrissur Pooram, Thechikottukavu Ramachandran