കൊട്ടിയൂര്‍ (കണ്ണൂര്‍): വനാതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് അദിവാസി മൂപ്പന്‍ കൊല്ലപ്പെട്ടു. കൊട്ടിയൂര്‍ താഴെ പാല്‍ച്ചുരം കോളനി മൂപ്പന്‍ ഗോപാലനാണ്(68) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
കൊട്ടിയൂര്‍ റെയിഞ്ച് വനമേഖലയില്‍ അഗ്‌നി പ്രതിരോധപ്രവര്‍ത്തി ചെയ്യുകയായിരുന്നവര്‍ക്ക് നേരെ ഒറ്റയാന്‍ നടത്തിയ അക്രമത്തിനിടയിലാണ് ഗോപാലന് കാട്ടാനയുടെ ചവിട്ടേറ്റത്. കൂടെയൂണ്ടായിരുന്നവര്‍ ഒച്ചവെച്ചതോടെ ആന കാട്ടിനുള്ളിലേക്ക് മടങ്ങി. വനപാലകരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വനത്തിനുള്ളില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം സ്ട്രെക്ച്ചറില്‍ ചുമന്നാണ് മൃതദേഹം മെയിന്‍ റോഡിലെത്തിച്ചത്.
പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസും കൊട്ടിയൂര്‍ റെയിഞ്ച് ഫോറസ്റ്റര്‍ വി.രതീശന്റെ നേതൃത്വത്തില്‍ വനപാലകരും സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം മാനന്തവാടി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: പാറു. മക്കള്‍ : രാമന്‍, ചന്ദ്രന്‍, ബാബു, സുരേഷ്, സോമന്‍, അയ്യപ്പന്‍, മാതു, പരേതനായ കേശവന്‍. മരുമക്കള്‍ :മീനാക്ഷി, ഉഷ, യശോദ, കമല, ലീല, കറുപ്പന്‍.
Share this Article
Related Topics