'ആദ്യം അവര്‍ കഞ്ചാവ് തന്നു, പിന്നെ വില്‍പ്പനക്കാരനാക്കി': ഏഴാം ക്ലാസുകാരന്റെ വെളിപ്പെടുത്തല്‍


റിബിന്‍ രാജു/മാതൃഭൂമി ന്യൂസ്

മലയാളി യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ലഹരി ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മാതൃഭൂമി ന്യൂസ് നടത്തുന്ന അന്വേഷണ പരമ്പര 'മയങ്ങുന്ന കൗമാരം'

കൊച്ചി: സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കുന്നത് സ്‌കൂള്‍കുട്ടികള്‍ക്കിടയില്‍. ചെറുപ്പം മുതല്‍ തന്നെ ഉപഭോക്താക്കളെ കിട്ടുമെന്നതും സംശയത്തിനിട നല്‍കാതെ ഇവരിലൂടെ ലഹരി വില്‍പന നടത്താമെന്നതുമാണ് ലഹരിമാഫിയകള്‍ കുട്ടികളെ ലക്ഷ്യമിടാന്‍ കാരണം. ആദ്യം സൗജന്യമായി ലഹരിവസ്തുക്കള്‍ നല്‍കി അടിപ്പെടുത്തുകയും പിന്നീട് ഇടനിലക്കാരാക്കി മാറ്റുകയും ചെയ്യുന്നതാണ് ഇവരുടെ പൊതുവായ രീതി.

റാക്കറ്റില്‍ നിന്ന് രക്ഷപെട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മാതൃഭൂമി ന്യൂസിനോട് നടത്തിയത്. ഒരു കൗണ്‍സിലിങ് സെന്ററില്‍ വെച്ചാണ് ഞങ്ങള്‍ ഈ കുട്ടിയെ കണ്ടത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചില ചേട്ടന്‍മാരാണ് ആദ്യം കഞ്ചാവ് നല്‍കിയത്. ലഹരിക്ക് അടിമയായതോടെ പണം വാങ്ങി കൂട്ടുകാര്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പനയും തുടങ്ങി. പതിനൊന്നാം വയസില്‍ കഞ്ചാവ് മാഫിയക്ക് അടിമപ്പെട്ടുപോയ വിദ്യാര്‍ഥിയുടെ വാക്കുകള്‍ ഇങ്ങനെ:

'കഞ്ചാവ് വലിക്കാന്‍ വേണ്ടി രാവിലെ അറ്റന്‍ഡന്‍സ് എടുത്ത ശേഷം ക്ലാസില്‍ നിന്ന് ഇറങ്ങും. കാട്ടിലൊക്കെ പോയിരുന്ന് വലിക്കും. കുട്ടികള്‍ക്ക് 500 രൂപക്കാണ് കൊടുത്തിരുന്നത്. കുട്ടികള്‍ക്ക് കൊടുക്കുന്നതിനാല്‍ എനിക്ക് ചേട്ടന്‍മാര്‍ ഫ്രീയായിട്ട് വലിക്കാന്‍ തരും. പിന്നീട് ഡീ അഡിക്ഷന്‍ സെന്ററില്‍ പോയി. മരുന്ന് കഴിച്ചു. കൗണ്‍സിലിങിന് ശേഷമാണ് ഇത് ശരിയല്ലെന്ന് ബോധ്യമായത്.'

'ജീവിതം തകരുന്ന അവസ്ഥയിലായിരുന്നു. ഭയങ്കര ക്ഷീണം, ദാഹം, ഉന്‍മേഷക്കുറവ് ഒക്കെയായിരുന്നു. കഞ്ചാവ് വലി നിര്‍ത്തിയതോടെ ഉന്‍മേഷമായി. എബിസിഡി എഴുതാന്‍ പോലും പഠിച്ചത് ഇപ്പോഴാണ്. ഇപ്പോള്‍ ഓടാം, ചാടാം, കളിക്കാം.. ഞാന്‍ ഇപ്പോള്‍ സ്മാര്‍ട്ടായി. ഇനിയൊരിക്കലും ഞാന്‍ ലഹരി ഉപയോഗിക്കില്ല.'

ലഹരിമാഫിയ നമ്മുടെ കുട്ടികള്‍ക്കിടയില്‍ എത്രത്തോളം ആഴത്തില്‍ പിടിമുറക്കിയെന്നതിന് ഈ വാക്കുകളാണ് തെളിവ്. കൗണ്‍സിലിങ്ങിനും ചികിത്സക്കും ശേഷം ജീവിതത്തിലേക്ക് തിരികയെത്തുകയാണ് ഈ കുരുന്ന്.

content highlights: drug addiction amomg students in kerala increses

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram