തൃശ്ശൂര്‍:തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത ശനിയാഴ്ച പരിശോധിക്കും. മൂന്നംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാകും പരിശോധിക്കുക. പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയാല്‍ ഞായറാഴ്ചത്തെ പൂരവിളംബരത്തിന് ആനയെ എഴുന്നള്ളിക്കും. ഒമ്പതു മുതല്‍ പത്തുമണിവരെയാണ് ആനയെ എഴുന്നള്ളിക്കുക.
കളക്ടര്‍ ടി വി അനുപമയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്ന ജില്ലാതല അവലോകന സമിതിയാണ് ആനയെ ആരോഗ്യപരിശോധനക്ക് വിധേയനാക്കാനുള്ള തീരുമാനമെടുത്തത്.
ഈ പശ്ചാത്തലത്തില്‍, തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാടില്‍നിന്ന് ആന ഉടമകള്‍ പിന്മാറി.
ചട്ടങ്ങള്‍ കൃത്യമായി പാലിച്ച് ആവശ്യമെങ്കില്‍ പൂരവിളംബര ദിവസം മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് സര്‍ക്കാരിന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്തമേറ്റെടുക്കാമെന്ന ഉറപ്പ് ഉടമയില്‍നിന്ന് രേഖാമൂലം എഴുതിവാങ്ങണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
content highlights: doctors will examine Thechikottukavu Ramachandran on saturday, thrissur pooram