തിരുവനന്തപുരം: സാധാരണക്കാരെ വലച്ച് ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടന്നു. ആശുപത്രികളുടെ ഒപി പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. പലയിടങ്ങളിലും സ്‌പെഷ്യാലിറ്റി ഒപി മുടങ്ങി.
സമരം അവസാനിപ്പിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സമരം അവസാനിപ്പിക്കാന്‍ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡോക്ടര്‍മാരുടെ ധാര്‍ഷ്ട്യമാണ് സമരത്തിന് പിന്നിലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അതുകൊണ്ടുതന്നെ അവര്‍ സമരം അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സംസ്ഥാനങ്ങളിലെ ചില ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയിരുന്നു. ഇവിടങ്ങളില്‍ മൂന്നു ഡോക്ടര്‍മാരെ വീതം നിയമിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സമരം. ഉച്ചയ്ക്ക് ശേഷം ഒപി ഡ്യൂട്ടിയെടുക്കാന്‍ പല ഡോക്ടര്‍മാരും തയ്യാറാകുന്നില്ല.
സമരത്തിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാര്‍ വിഷയത്തില്‍ നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നടപടികള്‍ ഉണ്ടായാല്‍ കൂട്ട രാജിയെന്നാണ് സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ഭീഷണി മുഴക്കുന്നത്.
എന്നാൽഒ.പി സമയം കൂട്ടിയതിനല്ല, ഓരോ രോഗിക്കും ആവശ്യമായ സമയം നല്‍കി പരിശോധന നടത്താന്‍ ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാതെ രോഗികളെ പറ്റിക്കുന്ന തട്ടിക്കൂട്ട് സംവിധാനത്തിനെതിരെയാണ് സമരമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ പറയുന്നത്.