തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുള്ള പുനരധിവാസം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് യോഗ്യമായി ഭൂമി കണ്ടെത്തി വീടോ ഫ്ളാറ്റോ നിര്‍മ്മിച്ച് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയം കൃത്യമായി വ്യക്തമാക്കുന്നതാണ് ഉത്തരവ്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയത്.
ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ മൂലം വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ വീട് വച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ വാസയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ ഒഴിവാക്കി വേണം പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കാനെന്നും ഉത്തരവില്‍ പറയുന്നു.
ഭൂമി കണ്ടെത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതിയെ സര്‍ക്കാര്‍ ഒരു പ്രധാന ഘടകമായി പരിഗണിക്കുന്നു എന്നതാണ് ഉത്തരവ് വ്യക്തമാക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഉത്തരവ്.
Share this Article
Related Topics