കൊച്ചി: നടിയെ ആക്രമിക്കുന്നതിന് മുമ്പ് സംവിധായകനും നടനുമായ നാദിര്‍ഷയില്‍ നിന്ന് പണം വാങ്ങിയതായി പള്‍സര്‍ സുനി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി പോലീസിന് മൊഴി നല്‍കിയത്. ദിലീപ് പറഞ്ഞിട്ടാണ് പണം വാങ്ങിയതെന്നും സുനി പറഞ്ഞു.
നാദിര്‍ഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്റെ മാനേജറില്‍ നിന്ന് പണം വാങ്ങിയതായാണ് പള്‍സര്‍ സുനിയുടെ മൊഴി. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാന്‍ ദിലീപ് തീരുമാനിച്ച സാഹചര്യത്തിലാണ് സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്. പണം വാങ്ങിയോ എന്ന കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും ആസ്പത്രി വാസവുമായി നാദിര്‍ഷ ഒഴിഞ്ഞു മാറുകയായിരുന്നു.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ ദിലീപാണ്. ദിലീപ് നിര്‍ദ്ദേശപ്രകാരമാണ് പണം വാങ്ങിയതെന്ന് സുനി പറഞ്ഞെങ്കിലും നാദിര്‍ഷക്ക് ഇക്കാര്യത്തില്‍ അറിവുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപിച്ച് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ ഇത് ഒഴിവാക്കാന്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.