തിരുവനന്തപുരം: ഡി.ജി.പി. ജേക്കബ് തോമസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ ബെബി ഫെര്‍ണാണ്ടസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത കെ.പി. ബാലചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ മുങ്ങല്‍ ഉപകരണങ്ങള്‍ കരാറില്ലാതെ വാങ്ങി സര്‍ക്കാരിന് മുപ്പത്തി ആറായിരത്തോളം രൂപ നഷ്ടമുണ്ടാക്കിയതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. തുറമുഖ വകുപ്പിന്റെ വലിയതുറ, വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ ഓഫീസുകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചതിലും അഴിമതി ആരോപണമുണ്ട്.
സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോയെയാണ് കരാര്‍ ഏല്പിച്ചത്. മുന്‍പരിചയമില്ലാത്ത സിഡ്‌കോ ചെയ്ത പ്രവൃത്തിക്ക് അനെര്‍ട്ട് അംഗീകാരം നല്‍കുന്നതിന് മുന്‍പ് മുഴുവന്‍ തുകയായ 32 ലക്ഷം രൂപ കൈമാറിയതായി ഹര്‍ജിയില്‍ പറയുന്നു.
കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടറായിരിക്കെ ഗവേഷണപഠനത്തിനായി ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചിരുന്നു. ഈ കാലയളവില്‍ കൊല്ലം ടി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഡയറക്ടറായി ജോലി നോക്കി വേതനം കൈപ്പറ്റിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ 151 ഏക്കര്‍ ഭൂമി ജേക്കബ് തോമസും ഭാര്യയും ചേര്‍ന്ന് വാങ്ങിയെന്നും ഇതില്‍ ഏറിയ ഭാഗവും വനഭൂമിയായിരുന്നെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
Share this Article
Related Topics