തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നില്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം സമരത്തിനെത്തിയ തോക്കുസ്വാമി ഉള്‍പ്പെടെ അറസ്റ്റിലായെന്നായിരുന്നു ആ വാര്‍ത്ത. പൊതുജനവും സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുമടക്കം മൂക്കത്തു വിരല്‍ വച്ചു. കൂടി നിന്നവരാരും കാണാത്ത, സമരക്കാര്‍ക്കൊപ്പമില്ലാതിരുന്നയാള്‍ എങ്ങനെ ഗുരുതര കുറ്റത്തിന് അകത്തായി? അതും ജാമ്യം പോലുമില്ലാത്ത വകുപ്പില്‍
ക്രിമിനല്‍ കേസുകളുള്ളതായി പോലീസ് പറയുന്ന തോക്കുസ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ വിവാദങ്ങള്‍ക്കായി എന്തും ചെയ്യുമെന്ന് ഫേസ്ബുക്കാണ് സാക്ഷ്യം. എന്നിട്ടും ഇതുപോലൊരു വിഷയത്തില്‍ ഉള്‍പ്പെടാനുള്ള ഉദ്ദേശ്യശുദ്ധിയോടെ ആണോ ഇദ്ദേഹമെത്തിയത് എന്ന സംശയമുയരുന്നു. എന്താണ് സംഭവിച്ചതെന്തെന്ന് സ്ഥലത്തുണ്ടായിരുന്ന, പേരു വിളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാധ്യമപ്രവര്‍ത്തകനും മജിസ്ട്രേറ്റിന് മുന്നില്‍ സ്വാമി കൊടുത്ത മൊഴിയും പറയുന്നു.
ഡി.ജി.പിയെ കാണാനെത്തി അകത്തായി
താന്‍ ബുധനാഴ്ച ഡി.ജി.പിയെ കാണാനെത്തുന്നുണ്ടെന്ന് തലേദിവസം സ്വാമി പറഞ്ഞിരുന്നെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. ശബരിമലയിലെ ഭക്തരുടെ സുരക്ഷ സംബന്ധിച്ച് എന്തോ വിഷയമാണെന്നാണ് തന്നോടു പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. അന്നേദിവസം രാവില സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഡി.ജി.പി ഓഫീസിന് മുന്നില്‍ നില്‍ക്കേ, സ്വാമിയെ അവിടെ കാണുകയും വെറുതേ സംസാരിച്ചു നില്‍ക്കുകയും ചെയ്തു. ഇതിനിടെ ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സമരത്തിനായി എത്തുന്നതിനും സ്വാമി സാക്ഷിയാണ്. കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്തതില്‍ കമന്റൊക്കെ പാസാക്കി നില്‍ക്കുന്നതിനിടെയാണ് സ്വാമി മ്യൂസിയം എസ്.ഐയുടെ കണ്ണില്‍പ്പെട്ടത്.
വളരെ ഫേമസ് ആയതുകൊണ്ട് ഉടന്‍ ചോദ്യം വന്നു, 'എന്താ ഇവിടെ'. മറുപടിയും വൈകിയില്ല, 'ഡി.ജി.പിയെ കാണാന്‍ വന്നതാണ്. അപ്പോയിന്‍മെന്റുണ്ട്'. പിന്നെ ചോദ്യമുണ്ടായില്ല, ചെയ്ത്തായിരുന്നു. സ്വാമി പോലീസ് വണ്ടിയില്‍. പുറത്തുനിന്നെത്തിയ ചിലര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന ഐജിയുടെ കുറ്റാരോപണത്തില്‍ അങ്ങനെ സ്വാമിയും പ്രതിയായി. ഇപ്പോള്‍ ജാമ്യം പോലുമില്ലാതെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. കുറ്റം: കലാപമുണ്ടാക്കാന്‍ ശ്രമിച്ചു, അന്യായമായി സംഘം ചേര്‍ന്നു, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി.
കോടതിയില്‍ സംഭവിച്ചത്
കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം സെഷന്‍സ് കോടതി രണ്ടിലാണ് എത്തിച്ചത്. താന്‍ ഡി.ജി.പിയെ കാണാന്‍ അനുമതി വാങ്ങിയിരുന്നെന്നും ഐ.എസ് ബന്ധമുള്ള പോലീസുകാരുടെ പട്ടിക കൈമാറുകയായിരുന്നു ഉദ്ദേശ്യമെന്നുമായിരുന്നു സ്വാമിയുടെ മൊഴി. നിരന്തരം കോടതിയിലെത്തി ഒപ്പിടേണ്ട, സ്ഥലം വിട്ടുപോകരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളയാള്‍ എങ്ങനെ ഇവിടെയെത്തിയെന്നായി പബ്ലിക് പ്രോസിക്യൂട്ടറുടെ എതിര്‍വാദം.
ഒപ്പം അറസ്റ്റിലായ കെ.എം.ഷാജഹാനെയോ ജിഷ്ണുവിന്റെ ബന്ധുക്കളേയോ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും സ്വാമിയുടെ മൊഴിയില്‍ പറയുന്നു. ഗൂഢാലോചനയുണ്ടെന്ന പോലീസ് നിഗമനത്തെ സാധൂകരിക്കത്ത എതിര്‍വാദങ്ങള്‍ കൂടിയായപ്പോള്‍ ക്രിമിനല്‍ കേസില്‍പ്പെട്ടയാളെ ഹര്‍ത്താല്‍ ദിവസം പുറത്തുവിടുന്നത് സമാനമായ കുറ്റത്തിന് ഇടയാക്കുമെന്ന് കോടതി പറഞ്ഞു. ജാമ്യം തള്ളി. അങ്ങനെ മറ്റുള്ളവര്‍ക്കൊപ്പം സ്വാമിയെയും 14 ദിവത്തേക്ക് റിമാന്‍ഡ് ചെയ്തു.
എന്നാല്‍, കാണാന്‍ അനുവാദം ലഭിച്ചിരുന്നെന്ന ഹിമവല്‍ ഭദ്രാനന്ദയുടെ വാദം ഡി.ജി.പിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.