തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റില്‍ വൈദ്യുത ലൈനുകള്‍ തകര്‍ന്ന് ഇരുട്ടിലായ ഒഡിഷയിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കേരള വൈദ്യുതി വകുപ്പ്. കെഎസ്ഇബി ഇതിനായി അയച്ച ആദ്യ സംഘം ഒഡീഷയിലെത്തി. ആദ്യഘട്ടത്തില്‍ പാലക്കാടുനിന്നുള്ള 30 അംഗ സംഘമാണ് എത്തിയത്. ആകെ 200 പേരുടെ സംഘത്തെയാണ് ഒഡീഷയുടെ വൈദ്യുത മേഖലയെ പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കെ.എസ്.ഇ.ബി ഒഡീഷയിലേക്ക് അയക്കുന്നത്. വ്യാഴാഴ്ചയാണ് പാലക്കാട്ടുനിന്നുള്ള സംഘം പുറപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഇവര്‍ ഭുവനേശ്വറിലെത്തി.
രണ്ടാംഘട്ടമെന്ന് നിലയില്‍ കണ്ണൂരില്‍നിന്നുള്ള കെ.എസ്.ഇ.ബി. ജീവനക്കാരുടെ സംഘം ശനിയാഴ്ച പുറപ്പെടും. കണ്ണൂരില്‍നിന്നുള്ള 30 അംഗ സംഘം ശനിയാഴ്ച ഉച്ചയ്ക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസ്സില്‍ തൃശ്ശൂരിലേക്കും അവിടെനിന്ന് ഷാലിമാര്‍ എക്‌സ്പ്രസ്സില്‍ ഭുവനേശ്വരിലേക്കും തിരിക്കും. മറ്റ് ജില്ലകളിലെ ജീവനക്കാരും അടുത്ത ദിവസങ്ങളില്‍ ഒഡിഷയിലേക്ക് പോകും.
ഫോനി ചുഴലിക്കാറ്റിനെതുടര്‍ന്ന് ഒന്നരലക്ഷത്തോളം പോസ്റ്റുകളാണ് ഒഡീഷയില്‍ തകര്‍ന്നുവീണിരിക്കുന്നത്. ഒരാഴ്ചയായിട്ടും നഗരപ്രദേശങ്ങളില്‍പോലും വൈദ്യുതിയെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സന്നദ്ധ ദൗത്യമെന്ന നിലയില്‍ കെഎസ്ഇബി വിദഗ്ദ സംഘത്തെ അയക്കുന്നത്.
20 ദിവസത്തെ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ വിദഗ്ധസംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരടങ്ങുന്നതാണ് കെഎസ്ഇബി സംഘം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണ് 200 അംഗങ്ങളടങ്ങുന്ന കേരളത്തിന്റെ പ്രത്യേക ദൗത്യസേന ഒഡിഷയിലേക്ക് പോകുന്നത്. ഇതിന് പുറമെ കേരളം ഒഡീഷയ്ക്ക് 10 കോടി രൂപയും നൽകുന്നുണ്ട്. മുമ്പ് തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് വീശിയപ്പോള്‍ തമിഴ്‌നാടിനെ സഹായിക്കാന്‍ കെഎസ്ഇബി സംഘത്തെ സര്‍ക്കാര്‍ അയച്ചിരുന്നു.
Content Highlights:Cyclone Fani, KSEB, Spacial Team reached Odisha