തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദൃക്‌സാക്ഷി കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അജിയുടെ വിശദമായ മൊഴി ക്രൈം ബ്രാഞ്ച് ഇന്നു വീണ്ടും രേഖപ്പെടുത്തും. അപകടദിവസം ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു വെള്ള സ്വിഫ്റ്റ് കാര്‍ കണ്ടതായി അജി കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസിനോടു വെളിപ്പെടുത്തിയിരുന്നു. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കും.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ അജിയുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസമാണ്, ബാലഭാസ്‌കറിന്റെ വാഹനത്തിനു പിന്നാലെ ഒരു വെള്ള സ്വിഫ്റ്റ് കാര്‍ ആറ്റിങ്ങല്‍ മുതല്‍ പള്ളിപ്പുറം വരെയുണ്ടായിരുന്നുവെന്നും ഇതിനു ശേഷം ആ കാര്‍ കാണാതായെന്നും അജി വെളിപ്പെടുത്തല്‍ നടത്തിയത്.
അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നെന്ന് മൊഴി നല്‍കിയ ഏകവ്യക്തിയും അജിയാണ്. അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ് മറ്റൊരു ദൃക്‌സാക്ഷി നന്ദു, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി തുടങ്ങിയവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ബാലഭാസ്‌കര്‍ ആയിരിക്കാം വാഹനം ഓടിച്ചതെന്നായിരുന്നു ആദ്യഘട്ടത്തില്‍ അജി പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ തന്നെയാണ് എന്ന് ഉറപ്പിച്ചു പറയുകയായിരുന്നു.
content highlights: crime branch will record statement of ksrtc driver aji in connection with balabhaskar accident death
Share this Article
Related Topics