കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരനും സുഹൃത്ത് സജി സി ജോര്‍ജുമാണ് മുഖ്യപ്രതികളെന്നും പീതാംബരന് ഇവരോടുള്ള വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ പതിനാലു പ്രതികളാണുള്ളത്. പീതാംബരനും സജിയും ഉള്‍പ്പെടെ എട്ടുപേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ബാക്കിയുള്ള ആറുപേര്‍ ആസൂത്രണത്തിനും പ്രതികള്‍ക്ക് ഒളിവില്‍ കഴിയുന്നതിനുമുള്ള സൗകര്യങ്ങള്‍ നല്‍കി. 229 സാക്ഷികളും 105 തൊണ്ടിമുതലുകളും അമ്പത് രേഖകളും അടക്കമുള്ള തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. സംഭവം നടന്ന 92-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ആയിരം പേജുകളാണ് കുറ്റപത്രത്തിലുള്ളത്.
കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തിരുന്നു. പീതാംബരന്‍ അടക്കമുള്ള പതിനൊന്നു പ്രതികള്‍ ജയിലിലാണ്. പ്രതികളായ സി പി എം ഉദുമ സെക്രട്ടറി കെ മണികണ്ഠനും ഉദുമ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനും അടക്കം മൂന്നുപേര്‍ ജാമ്യത്തിലുമുണ്ട്.
content highlights: crime branch submits chargesheet in periya double murder