കൊച്ചി: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ സി പി എം ജില്ലാ നേതാക്കള്‍ക്ക് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച്. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമനും വി പി പി മുസ്തഫയ്ക്കും ക്ലീന്‍ ചിറ്റു നല്‍കിക്കൊണ്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്.
പെരിയ ഇരട്ടക്കൊലപാതകം മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധം കൊണ്ടുമാത്രമുണ്ടായതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. തന്നെ മര്‍ദിച്ചതിലുള്ള വിരോധം മൂലം, പീതാംബരന്‍ തനിക്ക് അടുപ്പമുള്ള സി പി എം പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പ്രദീപ് കുമാറാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കെ വി കുഞ്ഞിരാമനും വി പി പി മുസ്തഫയ്ക്കും എതിരായ ആരോപണങ്ങളില്‍ കഴമ്പില്ല. കേസിലെ പ്രതിയായ സജി ജോര്‍ജ് കീഴടങ്ങുന്ന സമയത്ത്, മുന്‍ എം എല്‍ എ കുഞ്ഞിരാമന്‍ ഇദ്ദേഹത്തെ സഹായിച്ചിരുന്നുവെന്ന ആരോപണം തെറ്റാണ്. കൊലപാതകങ്ങള്‍ നടക്കുന്നതിനു മുമ്പ് കല്ലിയോട്ട് ഒരു വേദിയില്‍ വി പി പി മുസ്തഫ നടത്തിയ ഒരു പ്രസംഗം അതിലെ പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദമായിരുന്നു. ഈ പ്രസംഗം ഭീഷണി മുഴക്കലായിരുന്നുവെന്ന ആരോപണമായിരുന്നു ഉയര്‍ന്നത്. എന്നാല്‍ ഈ പ്രസംഗത്തെ ഭീഷണിയായി കണക്കാക്കേണ്ടതില്ലെന്നും രാഷ്ട്രീയപ്രസംഗം മാത്രമാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസര്‍കോട് ജില്ലയിലെ സി പി എം നേതൃത്വത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുള്ള സമീപനം വ്യക്തമാക്കുന്നതാണ് മുസ്തഫയുടെ പ്രസംഗമെന്ന് ശരത്‌ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ല. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കേസിലെ എല്ലാ പ്രതികളെയും പിടികൂടിയെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.
content highlights: Crime branch report on periya double murder