കോഴിക്കോട് : സി.പി.എം കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിനു നേരേ ബോംബെറിയുകയും ജില്ലാസെക്രട്ടറി പി.മോഹനനെ വധിക്കാന്‍ ശ്രമിച്ചതുമുള്‍പ്പെടെയുള്ള കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി, ആര്‍.എസ്.എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് വെള്ളയില്‍ കളരിയില്‍ രൂപേഷ്(37), നാദാപുരം ചേലക്കാട് കോറോത്ത് ഷിജിന്‍(24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ എന്ന് സംശയിക്കുന്ന നാല് പേരെ ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റില്‍ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.
കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പേരെ വിട്ടയച്ചു. പ്രതികള്‍ എന്ന് സംശയിക്കുന്ന നജീഷ് എന്നയാള്‍ ഗള്‍ഫിലേക്ക് കടന്നിട്ടുണ്ട്. മറ്റൊരാള്‍ക്ക് കൂടി കൃത്യത്തില്‍ പങ്കുണ്ട്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫന്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് നാല് പേര്‍ക്ക് നോട്ടീസ് കൊടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ ഹാജരാവുകയായിരുന്നു. പ്രതികളെ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായവരെ വൈകുന്നേരത്തോടെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നാകെ ഹാജരാക്കും.
കഴിഞ്ഞ ജനുവരി മാസം തന്നെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും സംഭവത്തിന് പിന്നിലെ ഗൂഢാലോചന നടത്തിയവരെ കൂടി കണ്ടെത്തേണ്ടതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയിരുന്നത്. തുടര്‍ന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. പഴയ കേസുകളിലുള്‍പ്പെട്ട പ്രതികളുടെ ഫോണ്‍ കോളുകളും മറ്റും പരിശോധിച്ചതിലൂടെയാണ് ക്രൈംബ്രാഞ്ചിന് പ്രതികളിലേക്ക് എത്താന്‍ സാധിച്ചത്. ശാസ്ത്രീയമായ രീതിയില്‍ എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നാണറിയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒമ്പതിന് നടന്ന സംഭവത്തില്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റായിരുന്നു കേസന്വേഷണം നടത്തിയിരുന്നത്. കണ്ണൂര്‍ റോഡില്‍ ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരന്‍ സ്മാരകമന്ദിരത്തിനു നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ലോക്കല്‍ പോലീസിന്റെ പ്രത്യേകസംഘം അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടാവാത്തതോടെയാണ് ക്രൈംബ്രാഞ്ച് മൂന്നാഴ്ചയ്ക്കു ശേഷം കേസ് ഏറ്റെടുത്തത്. ബോംബേറ് നടന്ന് അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണത്തിനു മേല്‍നോട്ടംവഹിച്ചിരുന്ന സിറ്റി പോലീസ് കമ്മിഷണര്‍ ജെ. ജയനാഥിനെ മാറ്റിയത് ഏറെ വിവാദമായിരുന്നു.
വധശ്രമം, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം തുടങ്ങി അഞ്ചോളം വകുപ്പുകളുള്‍പ്പെടെ ചുമത്തിയായിരുന്നു നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ സെക്രട്ടറി പി. മോഹനന്‍ കാറില്‍ നിന്നിറങ്ങി ഓഫീസ് വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറുണ്ടായത് . രണ്ടു സ്റ്റീല്‍ബോംബുകളാണ് അക്രമികള്‍ എറിഞ്ഞത്. തലനാരിഴയ്ക്കാണ് ബോംബേറില്‍ നിന്നു മോഹനന്‍ രക്ഷപ്പെട്ടത്. മറ്റൊരു ഓഫീസ് ജീവനക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ പ്രവര്‍ത്തകരെ കേസില്‍ കുടുക്കിയതാണെന്ന പരാതിയുമായി സംഘപരിവാര്‍ സംഘടനകള്‍ നിയമനടപടിക്ക് ഒരുങ്ങുന്നുണ്ട്.
Content Highlights:CPM Office attack crime branch questioning suspects