തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെയും തോമസ് ഐസക്കിനെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്‍. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ.യെ അവഗണിച്ചെന്നും അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് സി.പി.ഐ. മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യമായി വൈകിപ്പിച്ചെന്നും സി.ദിവാകരന്‍ കുറ്റപ്പെടുത്തി. ഭരണപരിഷ്‌ക്കാര വേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡി. സാജു അനുസ്മരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
വി.എസ്. സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കംനിലനിന്നിരുന്നു. ധനകാര്യ മന്ത്രിക്ക് കൊമ്പൊന്നുമില്ല. അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ധനകാര്യ മന്ത്രിക്ക് എല്ലാവകുപ്പിലും കയറി മേയാനുള്ള അധികാരമൊന്നുമില്ല- വി.എസ്. സര്‍ക്കാരിന്റെ കാലത്തെ സംഭവവികാസങ്ങള്‍ ഓര്‍മ്മിച്ച് സി.ദിവാകരന്‍ പറഞ്ഞു.
നിലവില്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ പൂര്‍ണ പരാജയമാണെന്നും സി. ദിവാകരന്‍ കുറ്റപ്പെടുത്തി. നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടസപ്പെടുത്തുന്നതായും സി.ദിവാകരന്‍ ആരോപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സി. ദിവാകരന്‍ സി.പി.എം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത് ഇടതുമുന്നണിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാല്‍ സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള ബന്ധം വഷളാകാനും ഇതുകാരണമായേക്കാം.
Content Highlights: cpi leader c divakaran against vs achuthanandan and thomas issac
Share this Article
Related Topics