ആലപ്പുഴ: പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അരൂരില്‍ യു.ഡി.എഫ് പ്രതിഷേധം കനക്കുന്നു. ഷാനിമോള്‍ക്കെതിരായ അപവാദ പ്രചാരണമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇതിനിടെ ഷാനിമോള്‍ സഹോദരിയെ പോലെയാണെന്ന വിശദീകരണവുമായി ജി സുധാകരന്‍ രംഗത്തെത്തി.
ജി സുധാകരന്റെ പൂതന പരാമര്‍ശവും ശാനിമോള്‍ക്കെതിരായ ജാമ്യമില്ലാ കേസും അരൂരില്‍ ആളിക്കത്തിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. മണ്ഡലത്തിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് തന്നെ നിലപാട് വ്യക്തമാക്കി. ജാമ്യമില്ലാത്ത കേസ് ചുമത്താന്‍ എന്താണ് അവര്‍ ചെയ്ത തെറ്റെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. ഉന്നത തലത്തില്‍ ആലോചിച്ച ശേഷമാണ് അത്തരമൊരു കേസെടുത്തത്. തന്റേടമുണ്ടെങ്കില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്യണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സുധകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തതോട് വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഇതിനിടെ പൂതന പ്രയോഗത്തില്‍ വിശദീകരണവുമായി ജി സുധാകരന്‍ രംഗത്തെത്തി. എല്‍.ഡി.എഫ് വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുമ്പോള്‍ സഹതാപതരംഗത്തിലൂന്നിയാണ് യു.ഡി.എഫ് പ്രചാരണം മുന്നോട്ട് പോകുന്നത്.
അതോസമയം ഷാനിമോള്‍ തനിക്ക് സഹോദരിയെ പോലെയാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 35 ലേറെ വര്‍ഷമായി ഉള്ള ബന്ധമാണ്. കോണ്‍ഗ്രസുകാര്‍ അവരെ തോല്‍പ്പിക്കാനായി താന്‍ പറയാത്തത് പറഞ്ഞെന്ന് പറയുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു.
content highlights: G Sudhakaran, Shanimol Usman, CPIM, Congress, udf