രാജ്യസഭ വൃദ്ധസദനമല്ല; പി.ജെ കുര്യന്‍ മാറണമെന്ന് യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍


2 min read
Read later
Print
Share

കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരായ വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, അനില്‍ അക്കര, ഹൈബി ഈഡന്‍, റോജി എം. ജോണ്‍ എന്നിവരാണ് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി യുവ എംഎല്‍എമാരും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ പി.ജെ. കുര്യന്‍ രാജ്യസഭാ സീറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, അനില്‍ അക്കര, ഹൈബി ഈഡന്‍, റോജി എം. ജോണ്‍ എന്നീ എംഎല്‍എമാര്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.

'ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന, സര്‍ക്കാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ കാലത്ത് രാജ്യസഭയെ ഒരു വൃദ്ധസദനമായി കോണ്‍ഗ്രസ് കാണരുത്. ഫാസിസത്തിനെതിരേ ശക്തമായ പോരാട്ടം നടത്തേണ്ട ആ രണഭൂമിയില്‍ ദൃഢവും ശക്തവുമായ ശബ്ദവും രീതിയുമാണ് വേണ്ടത്' എന്നായിരുന്നു ഹൈബി ഈഡന്‍ പ്രതികരണം.

പാര്‍ട്ടി വേദികള്‍ യുവാക്കള്‍ക്കായി ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പി.ജെ കുര്യനെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ അത് ഓര്‍ക്കണമെന്നും അര്‍ഹരായവര്‍ക്കുവേണ്ടി വഴി മാറി കൊടുക്കാന്‍ തയാറാവണമെന്നും റോജി എം. ജോണ്‍ ആവശ്യപ്പെട്ടു. മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ വേണമെന്ന് വാശിപിടിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ ശാപമാണെന്നും റോജി കുറ്റപ്പെടുത്തി.

പി.ജെ. കുര്യനെ പോലെ പ്രഗത്ഭനായ ഒരാളെ ഇനിയും വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കി ബുദ്ധിമുട്ടിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരിഹസിച്ച അനില്‍ അക്കര എംഎല്‍എ, ഇത് എന്റെ അഭിപ്രായമല്ല, എല്ലാവരുടേതുമാണെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങാന്‍ ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷന്‍ എന്ന നിലയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും' എന്നായിരുന്നു വി.ടി. ബല്‍റാമിന്റെ പ്രതികരണം.

'2005 മുതല്‍ കുര്യന്‍ സാര്‍ രാജ്യസഭയിലുണ്ട് . നിലവില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമാണ്. അദ്ദേഹത്തിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുവാന്‍ അദ്ദേഹം തയ്യാറാവണം' എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിട്ട പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്. ഈ പശ്ചാത്തലത്തിലാണ് യുവാക്കളെ നേതൃത്വത്തിലേക്ക് എത്തിക്കണമെന്ന ആവശ്യവും ശക്തമാകുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

Dec 2, 2019


mathrubhumi

1 min

മഴ ഇല്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ് ഷെഡിങ്

Aug 3, 2019


mathrubhumi

1 min

ലോഡ് ഷെഡ്ഡിങ് ജനദ്രോഹപരം, ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jul 10, 2019