തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ നുണപ്രചാരണം നടന്നുവെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്‍. ജനവിധി ആദരവോടും ബഹുമാനത്തോടും അംഗീകരിക്കുന്നു. എന്നാല്‍, കെ.പി.സി.സി അധ്യക്ഷനടക്കം ഹീനമായ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയെന്നത് ഖേദകരമാണ്.
വര്‍ഗീയവാദിയാണെന്നും മതവിദ്വേഷിയാണെന്നും ഉള്ള തരത്തില്‍ പ്രചാരണം നടത്തി. നിലയ്ക്കല്‍, മാറാട് കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആള്‍ എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തി. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പച്ചനുണകള്‍ സമാന്യ മര്യാദ ലംഘിച്ച് പ്രചരിപ്പിച്ചുവെന്നത് ഉത്കണ്ഠ ജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലയ്ക്കല്‍ പ്രശ്‌നം പരിഹരിക്കാനാണ് താന്‍ ശ്രമിച്ചത്. ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായില്ല. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍പോലും ഇതേപ്പറ്റി വിശദീകരിക്കുകയും തന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. മതത്തിന്റെ പേരില്‍ ഒരു പ്രശ്‌നവുമുണ്ടാകരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍, വളരെ മുമ്പുനടന്ന പ്രശ്‌നം കുത്തിപ്പൊക്കി മതവിദ്വേഷമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന് കൂട്ടുനിന്നുവെന്നും കുമ്മനം ആരോപിച്ചു.
മാറാട് പ്രശ്‌നവും പരിഹരിക്കാനാണ് താന്‍ ശ്രമിച്ചത്. മുസ്‌ലിം ലീഗ് നേതാക്കള്‍ ഒരുമിച്ചിരുന്നാണ് ചര്‍ച്ച നടത്തിയത്. എം.കെ മുനീറും പി.കെ കുഞ്ഞാലിക്കുട്ടിയുമെല്ലാം എങ്ങനെയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്ന് വിശദമാക്കണം. മുസ്‌ലിം ലീഗിന്റെ അഭിപ്രായത്തിന് വിലയുണ്ട്. യാഥാര്‍ഥ്യം പുറത്തുവരണം. ന്യൂനപക്ഷ സഹോദരങ്ങളെ പ്രചാരണത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു. അവ വിജയിച്ചുവെന്നാണ് കണക്കപകള്‍ വ്യക്തമാക്കുന്നത്.
ആരാണ് തോല്‍ക്കേണ്ടത് എന്ന് തീരുമാനിക്കുന്നതില്‍ അവര്‍ ഒറ്റക്കെട്ടായിരുന്നു. കുമ്മനം ജയിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ആര് ജയിക്കുമെന്ന് പറഞ്ഞില്ല. തന്നെ തോല്‍പ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. രണ്ടുകൂട്ടരും ആഗ്രഹച്ചത് തന്റെ തോല്‍വിയായിരുന്നു. പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നതുകൊണ്ടാണ് തോല്‍ക്കേണ്ടവന്നത്. എന്നാല്‍, മുമ്പത്തേക്കാള്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. കേരളത്തില്‍ അഭിമാനാര്‍ഹമായ വോട്ടുകള്‍ നേടിയാണ് എന്‍ഡിഎ മുന്നോട്ടുപോയത്. ഭാവിയുടെ ചൂണ്ടുപലകയാണത്.
കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. ദിശാസൂചികയാണ് തിരഞ്ഞെടുപ്പ് ഫലം. അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. തിരുവനന്തപുരത്തിന്റെ പുരോഗതിക്കുവേണ്ടി ഇനിയും പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ പിന്തണയുണ്ടാവണം. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ ബൂത്തുകളില്‍പോലും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്കുപോയി. പല ബൂത്തുകളിലും എന്‍ഡിഎ ഒന്നാംസ്ഥാനത്തുണ്ട്. പാര്‍ട്ടിയുടെ അടിത്തറ ഇളകിയിട്ടില്ല. എന്‍ഡിഎ.യ്ക്ക് ഉറച്ച അടിത്തറയാണുള്ളത്. അത് വിപുലപ്പെടുത്തും. വീഴ്ചകളുണ്ടെങ്കില്‍ തിരുത്തും.
സൂക്ഷമമായ അവലോകനം നടത്തും. എല്ലാ നിയോജന കണ്ഡലങ്ങളിലും പോയി പരാജയ കാരണങ്ങള്‍ പഠിക്കും. ന്യൂനപക്ഷങ്ങളില്‍ ഭയാശങ്ക സൃഷ്ടിച്ച് മോദി ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്നയാളെന്ന പ്രചാരണം നടത്തി. ന്യൂനപക്ഷങ്ങള്‍ അതെല്ലാം തിരിച്ചറിയുമെന്ന് പറയുന്നു. ക്രൈസ്തവ സഭ നേതാക്കളാരും തന്നെപ്പറ്റി മോശമായ അഭിപ്രായം പറയില്ല. എന്നാല്‍, രാഷ്ട്രീയക്കാര്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നു. വോട്ട് നേടുന്നതിനായി മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചിച്ചിട്ട് എന്തുകിട്ടാനാണ്.
ഓഖി ദുരന്തമുണ്ടായപ്പോള്‍ പ്രധാനമന്ത്രി ഓടിയെത്തി. ലത്തീന്‍ കത്തോലിക്കാ മത മേലധ്യക്ഷനുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുക്കുകയും ഉണ്ടായി. കള്ളപ്രചാരണം നടത്തുന്നവര്‍ മഹാപാതകമാണ് ചയ്യുന്നത്. താത്കാലിക ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ദൂരവ്യാപക പ്രത്യാഖാതമുണ്ടാക്കുമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തില്‍ പ്രചാരണം നടത്തി കുറേവോട്ടുകള്‍ യു.ഡി.എഫിനും സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, നിരവധി ആളുകള്‍ ബിജെപിക്കും വോട്ടുചെയ്തിട്ടുണ്ട്. എന്‍.ഡി.എ സ്വീകരിച്ച നിലപാടിന്റെ അംഗീകാരമാണ് ലഭിച്ച വോട്ടുകള്‍. പത്തനംതിട്ടയില്‍ രണ്ടാം സ്ഥാനത്തുപോലും എത്താന്‍ കഴിഞ്ഞില്ലെങ്കിലും കൂടുതല്‍ വോട്ട് പിടിക്കാന്‍ കഴിഞ്ഞു. അത് വലിയ നേട്ടമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
Content highlights: Kummanam Rajasekharan, BJP, Thiruvananthapuram