തിരുവനന്തപുരം: നിയമസഭാകക്ഷി നേതാവിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം. പി.ജെ. ജോസഫിനാണ് നിയമസഭകക്ഷി നേതാവിന്റെ ചുമതലയെന്ന് അവകാശപ്പെട്ടുകൊണ്ട് മോന്‍സ് ജോസഫ് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെ ഇതിനെ തിരുത്തി റോഷി അഗസ്റ്റിന്‍ എം.എല്‍.എ രംഗത്തെത്തി.
പി.ജെ. ജോസഫിന് നിയമസഭകക്ഷി നേതാവിന്റെ ചുമതല നല്‍കിയിട്ടില്ലെന്നും ഡെപ്യൂട്ടി ലീഡറെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി കണക്കാക്കുന്ന കീഴ്‌വഴക്കം പാര്‍ട്ടിയിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ കേരള കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ സംബന്ധിച്ചുള്ള രണ്ട് കത്തുകള്‍ സ്പീക്കറുടെ മുന്‍പിലെത്തി.
നിയമസഭ കക്ഷി നേതാവായിരുന്ന കെ.എം. മാണിയുടെ ഇരിപ്പിടം പി.ജെ. ജോസഫിന് നല്‍കണമെന്നായിരുന്നു മോന്‍സ് ജോസഫിന്റെ കത്തിലെ ആവശ്യം. ഡെപ്യൂട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിരുന്ന പി.ജെ. ജോസഫിനാണ് നിയമസഭ കക്ഷി നേതാവിന്റെ ചുമതല നല്‍കിയിരിക്കുന്നതെന്നും മോന്‍സ് ജോസഫ് കത്തില്‍ വിശദീകരിച്ചിരുന്നു. ഈ കത്ത് സ്പീക്കര്‍ പരിഗണിക്കുന്നതിനിടെയാണ് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.
പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗമാണ് നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കേണ്ടതെന്നും, പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുകയുള്ളുവെന്നും റോഷി അഗസ്റ്റിന്റെ കത്തില്‍ പറയുന്നു. അതിനാല്‍ പുതിയ നിയമസഭ കക്ഷി നേതാവിനെ നിശ്ചയിച്ച് അറിയിക്കുന്നതിന് സാവകാശം അനുവദിക്കണമെന്നും റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് കേരള കോണ്‍ഗ്രസില്‍ നിയമസഭ കക്ഷി നേതാവിനെചൊല്ലി വീണ്ടും തര്‍ക്കം ഉടലെടുത്തത്.
Content Highlights: conflict in kerala congress(m) on parliamentary party leader position