കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കേണ്ടെന്ന് മാണിവിഭാഗം ആവശ്യമുന്നയിച്ചു. നേരത്തെ ജൂണ്‍ ഒമ്പതിന് മുന്‍പ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ ജോസഫ് വിഭാഗം തീരുമാനമെടുത്തിരുന്നു. ഇതിനെതിരെയാണ് മാണിവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
ചട്ടമനുസരിച്ച് പാര്‍ട്ടി ചെയര്‍മാനാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കേണ്ടത്. എന്നാല്‍ നിലവില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കാത്തതിനാല്‍ പി.ജെ. ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുന്നത് ചെയര്‍മാനാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണെന്നാണ് മാണിവിഭാഗത്തിന്റെ ആരോപണം.
ലയനസമയത്തെ ധാരണപ്രകാരം ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് മാണിവിഭാഗത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മാണിവിഭാഗം വ്യക്തമാക്കുന്നു.
പി.ജെ. ജോസഫിന്റെ കോലം കത്തിച്ച സംഭവത്തില്‍ ഇടുക്കിയിലെ മാണിവിഭാഗം നേതാവിനെതിരെ പാര്‍ട്ടി കഴിഞ്ഞദിവസം അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ഇടവെട്ടി മണ്ഡലം പ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയാണ് ജോസഫ് വിഭാഗം നേതാവായ ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് നടപടി സ്വീകരിച്ചത്.
നേരത്തെ പി.ജെ. ജോസഫാണ് പാര്‍ട്ടി ചെയര്‍മാനാണെന്ന് കാണിച്ച് ജോയ് എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ജോസഫ് വിഭാഗത്തിന്റെ ഈ നീക്കത്തിനെതിരെയാണ് ഇടുക്കിയില്‍ മാണിവിഭാഗം പി.ജെ. ജോസഫിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
അതേസമയം, ജോയ് എബ്രഹാമിന്റെ കത്തിനെ തിരുത്തി മാണിവിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജോയ് എബ്രഹാമിന്റെ കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നായിരുന്നു റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പ്രതികരണം. കേരള കോണ്‍ഗ്രസില്‍ ചെയര്‍മാനെ തിരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് മാണിവിഭാഗം നേതാവ് ബി. മനോജ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കിയിരുന്നു.
Content Highlights: conflict between joseph and jose k mani fraction in kerala congress mani