തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച സംഭാവനയില്‍ നിന്ന് പാര്‍ട്ടി ഫണ്ടിലേക്ക് സിപിഎം പണം വകമാറ്റിയെന്ന ആരോപണവുമായി അനില്‍ അക്കര എം.എല്‍എ. ഇക്കാര്യത്തില്‍ തെളിവുകള്‍ സഹിതം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് അനില്‍ അക്കര എം.എല്‍എ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സിപിഎം സമാഹരിച്ച തുകയില്‍ നിന്ന് ആറുകോടിയോളം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയെന്നാണ് എം.എല്‍.എ ആരോപിക്കുന്നത്. 32 കോടിയോളം രൂപ സംസ്ഥാനത്ത് നിന്ന് സിപിഎം പിരിച്ചെടുത്ത സംഖ്യയില്‍ നിന്ന് അഞ്ച് കോടി അല്ലെങ്കില്‍ ആറ് കോടി രൂപ ലോക്കല്‍ കമ്മിറ്റി ലെവി എടുത്തതിന് ശേഷം മാത്രമാണ് ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് ലോക്കല്‍ കമ്മിറ്റി നല്‍കിയ കണക്കിലെ പൊരുത്തക്കേടുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എയുടെ ആരോപണം. അതേസമയം സിപിഎം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
അടാട്ട് ലോക്കല്‍ കമ്മറ്റി രണ്ട് ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറു രൂപ (2,20,100) പിരിച്ചതായാണ് കണക്കില്‍ കാണിക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുമുണ്ട്. ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള 23 ബ്രാഞ്ചുകളില്‍ നിന്ന് പിരിച്ച തുകയില്‍ നിന്ന് ലോക്കല്‍ സെക്രട്ടറി പണം വകമാറ്റിയെന്നാണ് ആരോപണം.
അമ്പലംകാവ് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി പിരിച്ചത് 11,800 രൂപ പിരിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ലോക്കല്‍ സെക്രട്ടറി നാട്ടില്‍ വെച്ച ഫ്‌ളക്‌സില്‍ ദുരിതാശ്വാസ നിധിയിലേക്ക് ബ്രാഞ്ചില്‍ നിന്ന് പിരിച്ചത് 9000 എന്നായി കുറഞ്ഞുവെന്നും അനില്‍ അക്കരെ എം.എല്‍.എ ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ നിധിയിലെ വിവരങ്ങള്‍ പുറത്തുവിടാത്തത് സിപിഎമ്മിന്റെ തട്ടിപ്പ് പുറത്തുവരാതിരിക്കാനാണെന്നും എം.എല്‍.എ ആരോപിച്ചു. പണം അടിച്ചുമാറ്റുന്ന രീതി തങ്ങള്‍ക്കില്ലെന്നും ആ ശീലം എംഎല്‍എയുടെ പാര്‍ട്ടിയുടേതാണെന്നുമായിരുന്നു സിപിഎം ജില്ലാ ഘടകത്തിന്റെ ഇതേക്കുറിച്ചുള്ള പ്രതികരണം.