തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടിന് കേടുപാടുകള്‍ പറ്റിയവര്‍ക്ക് 50000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കടല്‍ ക്ഷോഭത്തില്‍ കേന്ദ്രസഹായം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് നാല് ലക്ഷം രൂപവീതം സഹായധനം നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേടുപാട് തീര്‍ക്കേണ്ട വീടുകള്‍ക്ക് അമ്പതിനായിരം രൂപയും ചെറിയ കേടുപാടുകള്‍ തീര്‍ക്കാന്‍ 25,000 രൂപയും നല്‍കും.
കടല്‍ത്തീരത്തുനിന്ന് സുരക്ഷിതമായ അകലത്തില്‍ മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപവീതം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. വലിയതുറയിലെ മത്സ്യ വകുപ്പിന്റെ കീഴിലുള്ള ഭവന സമുച്ചയം ഇതിനായി തുറന്നുകൊടുക്കും കടൽത്തീരങ്ങളുടെ 50 മീറ്റർ സർക്കാർ ഭൂമിയായി പ്രഖ്യാപിക്കും. അവിടെ വീടുകൾ വയ്ക്കാൻ അനുവദിക്കില്ല. കടല്‍ത്തീരത്തുനിന്ന് സുരക്ഷിതമായ പ്രദേശത്ത് മാറിത്താമസിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുട്ടത്തറയില്‍ 192 വീടുകളും കാരോട് 102 വീടുകളും മാറ്റിപ്പാര്‍പ്പിക്കുന്നതിനായി തയ്യാറാക്കുന്നുണ്ട്. 200ല്‍ അധികം പേര്‍ക്ക് അഞ്ചുതെങ്ങ് ഭാഗത്ത് 10 ലക്ഷം രൂപ നല്‍കി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചുകഴിഞ്ഞതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ശ്രീജിത്തിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് വരാപ്പുഴയിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസില്‍ ഒരുതലത്തിലുള്ള മൂന്നാംമുറയും പാടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംഭവത്തില്‍ പോലീസുകാര്‍ക്ക് പങ്കുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ ആളുകള്‍ക്ക് പങ്കാളിത്തമുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകും. കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. അന്വേഷണം നടത്തുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ശ്രീജിത്തിന്റെ മരണം സംബന്ധിച്ച് ആക്ഷേപം ഉണ്ടായി വൈകാതെതന്നെ അന്വേഷണം ആരംഭിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.