കോഴിക്കോട്: മെഡിക്കല്‍ കോളേജിലേക്കും വിമാനത്താവളത്തിലേക്കുമുളള യാത്രയ്ക്കിടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. നഗര വികസനത്തിന് വേഗംകൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മേല്‍പ്പാലങ്ങള്‍ യാഥാര്‍ഥ്യമാവുമ്പോള്‍ 17 കോടി രൂപയാണ് സര്‍ക്കാരിന് സാമ്പത്തിക നേട്ടം. എസ്റ്റിമേറ്റ് തുകയെക്കാള്‍ ചിലവ് കുറച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ്.
74 കോടി 96 ലക്ഷം രൂപയ്ക്ക് നിര്‍മിക്കാന്‍ ഉദ്ദേശിച്ച രാമനാട്ടുകര മേല്‍പ്പാലത്തിന്റെ നിര്‍മാണം 63 കോടിയില്‍ ഒതുക്കി. തൊണ്ടയാട് മേല്‍പ്പാലത്തിന്റെ എസ്റ്റിമേറ്റ് തുക 51 കോടി 41 ലക്ഷമായിരുന്നു. പണി പൂര്‍ത്തിയാക്കിയപ്പോള്‍ 46 കോടിയേ ചിലവായുള്ളൂ.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും വിമാനത്താവളത്തില്‍ നിന്നും വാഹനങ്ങള്‍ പ്രധാനമായും എത്തിച്ചേരുന്ന തൊണ്ടയാട് ജംഗ്ഷനുകളില്‍ മേല്‍പ്പാലം ഉയരുന്നതോടെ നഗരത്തിലെ പ്രധാന ഗതാഗത കുരുക്കിനാണ് പരിഹാരമാവുന്നത്. ആറുവരി പാതയിലേക്ക് നീങ്ങുന്ന ബൈപ്പാസ് നവീകരണത്തിന്റെ ആദ്യഘട്ട പൂര്‍ത്തീകരണം കൂടിയാണ് പാലങ്ങളുടെ ഉദ്ഘാടനത്തോടെ സാധ്യമായത്.
രാവിലെ 10 ന് തൊണ്ടയാടും 11-ന് രാമനാട്ടുകരയിലുമായിരുന്നു ഉദ്ഘാടന ചടങ്ങ്. 500 മീറ്ററിലുള്ള തൊണ്ടയാട് മേല്‍പ്പാലവും 440 മീറ്ററുള്ള രാമനാട്ടുകാര മേല്‍പ്പാലവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പ് രൂപകല്‍പ്പന ചെയ്ത മേല്‍പ്പാലങ്ങളുടെ പ്രവര്‍ത്തി 2017ലാണ് തുടങ്ങിയത്.
ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് അധ്യക്ഷനായിരുന്നു, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്, എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് തുടങ്ങി നിരവധി പേര് പങ്കെടുത്തു.
Content Highlights:CM Inaugurate Thondayad-Ramanatukara Over Bridge