തിരുവനന്തുപുരം: കേരള പോലീസിന്റെ കൂറ് നാഗ്പൂരിനോടല്ല എന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. യുഎപിഎയും എന്‍.ഐ.എയും പോലുള്ള അനാവശ്യ സാഹചര്യങ്ങള്‍ ഇവിടേക്ക് വലിച്ചിഴക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഷാഫി പറമ്പില്‍ ഇങ്ങനെ പറഞ്ഞത്.
ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പാഴ്‌സിക്കും സിഖുകാരനും ഓരോ വിശുദ്ധ ഗ്രന്ഥങ്ങളുണ്ടെങ്കിലും അവരെല്ലാം ഉള്‍പ്പെട്ട ഭാരതീയന്റെ വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണ്. ആ ഭരണഘടനയെ തകര്‍ക്കാനും അതിന്റെ മൂല്യങ്ങള്‍ വേരോടെ പിഴുതെറിയാനും ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം. അതിന് മുന്‍പന്തിയില്‍ കേരളം ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഭരണകൂടം തന്നെ വര്‍ഗീയത ചാര്‍ത്തുന്ന നാണംകെട്ട അവസ്ഥയിലേക്കെത്തി. ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും ബിബിസിയുമടക്കമുള്ള ലോക മാധ്യമങ്ങള്‍ ഇന്ത്യക്കിതെന്തു പറ്റിയെന്ന് ചോദിക്കുന്നു. വര്‍ഗീയതയുടേയും മതത്തിന്റേയും പേരില്‍ നടക്കുന്ന അക്രമത്തിന്റെ പേരിലല്ല ലോകത്തെ ഇന്ത്യ വിസ്മയിപ്പിച്ചത്. എല്ലാ വൈവിധ്യങ്ങള്‍ക്കുമിടയില്‍ ഒരുമിച്ച് ജീവിച്ചതിലൂടെയാണ് ലോകത്തെ ഇന്ത്യാ രാജ്യം വിസ്മയിപ്പിച്ചത്. ആ രാജ്യത്താണ് പൗരത്വത്തിന് മതം അടിസ്ഥാനമാകുന്ന നാണംകെട്ട അവസ്ഥ ഭരണകൂടം എത്തിച്ചിരിക്കുന്നത്.
സൈനിക മേധാവി രാഷ്ട്രീയത്തില്‍ ഇടപ്പെട്ട് സംസാരിക്കുന്നത് നമ്മള്‍ മുമ്പ് കണ്ടിട്ടുള്ളത് പാകിസ്താനിലാണ്. എന്നാലിപ്പോള്‍ ഇന്ത്യയിലും അങ്ങനെ സംഭവിച്ചിരിക്കുന്നു. വസ്ത്രത്തിന്റേയും ജാതിയുടേയും ഭക്ഷണത്തിന്റേയും പേരില്‍ വിവേചനം കാണിക്കുന്നവര്‍ക്ക് ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും പിന്‍മുറക്കാരാകാനാകില്ല. അവര്‍ക്ക് ജിന്നയുടെ പിന്‍മുറക്കാരാകാനേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.