തിരുവനന്തപുരം/ കൊച്ചി/ കൊഴിക്കോട്: ലോകത്തിന് മുഴുവന്‍ മനുഷ്യരാശിക്കും ശാന്തിയും സമാധാനവുമേകി തിരുപിറവിയുടെ നന്മയുമായി വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ചും ദേവാലയങ്ങളില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ നടന്നു.
വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. ക്രിസ്തുവന്റെ ജന്മസ്ഥലമായ ബെത്‌ലഹേമില്‍ പാതിരാകുര്‍ബാനയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
കേരളത്തിലെ ദേവാലയങ്ങളിലും രാത്രിയില്‍ ക്രിസ്മസ് ശുശ്രൂഷകളും പാതിരാ കുര്‍ബാനയും നടന്നു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തില്‍ കുരിശേന്തിയ പ്രദക്ഷിണവും തീയുഴിച്ചിലും നടന്നു.
പാളയം സെന്റ് ജോസഫ് പള്ളിയിലും ക്രിസ്മസ് ശിശ്രൂഷ നടന്നു. ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസേപാക്യം തിരുപിറവി പ്രര്‍ഥനകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഉണ്ണിയേശുവിന്റെ രൂപം പുല്‍കൂട്ടില്‍ പ്രതിഷ്ഠിച്ച ശേഷം ആര്‍ച്ച്ബിഷപ്പ് തിരുപ്പിറവി സന്ദേശം നല്‍കി. മറ്റ് ആരാധനാലയങ്ങളിലും രാവേറെ നീണ്ട പ്രാര്‍ഥനകള്‍ നടന്നു.
മധ്യകേരളത്തിലെ പള്ളികളിലും തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന തിരുപ്പിറവി പ്രാര്‍ഥനകളില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു.
പത്തനംതിട്ട തടിയൂര്‍ ഇമ്മാനുവേല്‍ പള്ളിയില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകളില്‍ മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കാര്‍മ്മികത്വം വഹിച്ചു
കൊച്ചി സെന്റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പില്‍ കാര്‍മികത്വം വഹിച്ചു.
എളങ്കുളം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന തിരുപിറവി ശിശ്രൂഷകള്‍ക്ക് യാക്കോബായാ സഭാ മെത്രാപൊലിത്തന്‍ ട്രസ്റ്റി മോര്‍ ഗ്രിഗോറിയോസ് ജോസഫ് കാര്‍മികത്വം വഹിച്ചു. എളിമയോടെ ജീവിക്കാനുള്ള സന്ദേശമാണ് ഒരോ ക്രിസ്മസും നല്‍കുന്നതെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
തൃശൂര്‍ മരത്തന്‍കോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് പരിശുദ്ധ കതോലിക്കാ ബാവയും നേതൃത്വം നല്‍കി.
തിരുപ്പിറവിയുടെ സന്തോഷവുമായി കോഴിക്കോട്ടെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേകം പ്രര്‍ഥനകള്‍ നടന്നു. ദേവമാതാ കത്തീഡ്രലിലില്‍ നടന്ന തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ കാര്‍മികത്വം വഹിച്ചു.
താമരശ്ശേരി മേരിമാത കത്തീഡ്രലില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കി.
Content Highlights: Churches gear up to ring in Christmas