തിരുവനന്തപുരം: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ പുതുക്കി വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ഥനാചടങ്ങുകള്‍ നടന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ലളിതജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പട്ടിണി കിടക്കുന്നവരെ മറക്കരുതെന്നും മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും നിരവധി വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിലും തിരുപ്പിറവി ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചടങ്ങുകള്‍ നടന്നു. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലും കണ്ണൂര്‍ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയും തിരുവനന്തപുരം പട്ടം സെന്റ്‌മേരീസ് കത്തീഡ്രലില്‍ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമിസ് കത്തോലിക്ക ബാവയും പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ തിരുവനന്തപുരം അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസെപാക്യവും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കൊച്ചി സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി സെന്റ് മേരീസ് കത്തീഡ്രലില്‍ സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പിറവി തിരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. പാതിരാകുര്‍ബാനയിലും തിരുകര്‍മ്മങ്ങളിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
content highlights: christmas celebrations are underway around the world and kerala, christmas celebration