തിരുവനന്തപുരം: പ്രളയകാലത്ത് സ്വന്തം സഹോദരന്‍മാരെന്നപോലെ ആളുകളെ രക്ഷിക്കാന്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും ബിഗ് സല്യൂട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രളയത്തില്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമായി. കനത്ത മഴയിലും, പ്രളയത്തിലും ഉരുള്‍പൊട്ടലിലും 483 പേര്‍ മരിച്ചു. 14 പേരെ കാണാതായി. 140 പേര്‍ ആശുപത്രിയിലായി. കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജിവിക്കേണ്ട അവസ്ഥയിലെത്തി.
നിലവിലെ സ്ഥിതി അനുസരിച്ച് 305 ക്യാമ്പുകളിലായി 16,767 കുടുംബങ്ങളിലെ 59,296 ആളുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
- രക്ഷാപ്രവര്‍ത്തനത്തിനടക്കം കക്ഷിഭേദമില്ലാത്ത ഒത്തൊരുമയാണ് ഉണ്ടായത്. പുതിയ കേരളനിര്‍മാണത്തിനും ഈ ഒത്തൊരുമ ഉണ്ടാകണം.
- രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. രണ്ടാം ഘട്ടമായ പുനരധിവാസം നടന്നുകൊണ്ടിരിക്കുന്നു.
- പുനര്‍നിര്‍മാണമെന്ന ഏറ്റവും വലിയ ലക്ഷ്യം ഏറ്റെടുക്കേണ്ടതുണ്ട്. പുതിയ കേരളസൃഷ്ടിയേക്കൂടി അടിസ്ഥാനമാക്കിയുള്ളതാകും പുനര്‍നിര്‍മാണം
- ടൂറിസത്തിനും തിരിച്ചടിയുണ്ടായി. വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
- സാധാരണയിലും കവിഞ്ഞ കാലവര്‍ഷമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രവചിച്ചതിലും അധികമായിരുന്നു കേരളത്തിലുണ്ടായത്.
- കാലവര്‍ഷക്കെടുതിയെ നേരിടാന്‍ 2018 മെയ് 16 മുതല്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
- ഓഗസ്റ്റ് എട്ടുമുതല്‍ തുടങ്ങിയ ശക്തമായ മഴയാണ് കേരളം കണ്ട നൂറ്റാണ്ടിലെ പ്രളയത്തിന് കാരണമായത്.
- കേരളത്തിന് താങ്ങാവുന്നതിലുമധികം മഴപെയ്തു. ഭൂമിയുടെ പ്രതല ഘടനയ്ക്ക് തന്നെ മാറ്റമുണ്ടാകുന്ന അവസ്ഥയുണ്ടായി.
- മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വ്യാപകമായി. വയനാട് ജില്ല തികച്ചും ഒറ്റപ്പെട്ടു.
- ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു.
- ഓഗസ്റ്റ് ഒമ്പതുമുതല്‍ 15 വരെ പ്രതീക്ഷിച്ചത് 98.5 മില്ലീലിറ്റര്‍ മഴയായിരുന്നു. എന്നാല്‍ 352.2 മില്ലീലിറ്റര്‍ മഴയാണ് പെയ്തത്. കണക്കുകൂട്ടിയതിനേക്കാള്‍ മൂന്നിരട്ടിയിലധികം മഴ സംസ്ഥാനത്ത് പെയ്തു.
- നദികളിലെ ജലനിരപ്പ് വന്‍തോതിലുയര്‍ന്നു. ഭാരതപ്പുഴ, പെരിയാര്‍, പമ്പ, ചാലക്കുടി പുഴ, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികള്‍ കരകവിഞ്ഞൊഴുകി. 82 ഡാമുകളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ നദി വഴിമാറിയൊഴുകി.
- റോഡുകളും പാലങ്ങളും വ്യാപകമായി തകര്‍ന്നു. 57000 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ ജീവനോപാധികള്‍ നശിച്ചു. വളര്‍ത്തുമൃഗങ്ങളും പക്ഷികളും കന്നുകാലികളും ചത്തുമലച്ചു.
- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വ്യാപകമായി വെള്ളത്തിനടിയിലായി. വിലപ്പെട്ട രേഖകള്‍ പലതും നശിച്ചു.
- രക്ഷാപ്രവര്‍ത്തനത്തിന് പോലീസ്, ഫയര്‍ഫോഴ്‌സ് സംവിധാനങ്ങള്‍ തുടക്കംമുതല്‍ സജീവമായി. പിന്നീട് കേന്ദ്രസേനകളേയും സൈന്യത്തെയും അണിനിരത്തി. ഇത്തരം ഇടപെടലുകളാണ് മരണസംഖ്യ കുറയ്ക്കാനിടയായത്.
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഗസ്റ്റ് 29 വരെ 730 കോടിയാണ് ലഭിച്ചത്. ചെക്കായും, സ്ഥലങ്ങളായും, ആഭരണങ്ങളായും, വാഗ്ജദാനങ്ങളായും ലഭിച്ചത് ഇതിന് പുറമേ വരും. കേന്ദ്രത്തില്‍ നിന്ന് 600 കോടിരൂപ ലഭിച്ചു.