തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം വകയിരുത്തിയ സംഭവത്തില്‍ പോലീസിന് പങ്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാ സംവിധാനമൊരുക്കുക മാത്രമാണ് ചെയ്തത്. മറ്റ് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ബെഹ്‌റ പറഞ്ഞു. ഡിജിപിയാണ് ഹെലികോപ്റ്റര്‍ സൗകര്യം ഒരുക്കിയതെന്ന് ഉത്തരവില്‍ പരാമര്‍ശമുണ്ടായിരുന്നു.
തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടു ലക്ഷം രൂപയാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. മാതൃഭൂമിന്യൂസാണ് വിവാദ ഉത്തരവ് പുറത്തുവിട്ടത്.
അതേ സമയം പോലീസ് മേധാവിയുടെ വാദം വാസ്തവ വിരുദ്ധമാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഡിജിപിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹെലികോപ്റ്ററിന് പണം അനുവദിച്ചത്. ഇക്കാര്യം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പണം അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പും പോലീസ് മേധാവിക്ക് നല്‍കിയിരുന്നു. ഇക്കാര്യങ്ങളാണ് ബെഹ്‌റ നിഷേധിച്ചത്.