തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം വകമാറ്റി ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വന്‍കിട നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. പ്രളയബാധിത മേഖലകളില്‍ ടൗണ്‍ഷിപ് സ്ഥാപിക്കാനാണ് പദ്ധതി. ഇതേക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു. ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
പകൃതിദുരന്തം, അപകടങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവയവമൂലം ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കാനാണ് സാധാരണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള പണം വിനിയോഗിക്കുന്നത്. ഇതില്‍നിന്ന് മാറി പണം മറ്റാവശ്യങ്ങള്‍ക്ക് ചിലവഴിക്കുന്ന പതിവില്ല. എന്നാല്‍ അത്തരമൊരു മാറ്റത്തിനാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണ് സൂചന.
പ്രളയകാലത്ത്, പൊതുജനങ്ങളില്‍നിന്നും സംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും കോടിക്കണക്കിന് രൂപ ദുരതാശ്വാസ നിധിയിലേക്ക് സഹായധനമായി ലഭിച്ചിരുന്നു. പ്രളയബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായമായി നല്‍കുന്നതിന്റെ വിഹിതവും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരവുമാണ് ഈ ഫണ്ടില്‍നിന്ന് ഇതുവരെയുണ്ടായ വലിയ ചിലവുകള്‍. ഇതു കഴിച്ച് ഏതാണ്ട് രണ്ടായിരം കോടിയോളം രൂപ ബാക്കിയുണ്ട്. ഈ തുക ഉപയോഗിച്ച് വന്‍കിട നിര്‍മാണ പദ്ധതികള്‍ ആരംഭിക്കാനാണ് നീക്കം. പ്രളയ മേഖലകളിലെ ടൗണ്‍ഷിപ്പ് നിര്‍മാണമാണ് പ്രധാന പദ്ധതി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവതരണമാണ് നാളെ മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിലെ പ്രധാന അജണ്ട. യോഗത്തിലേക്ക് ദുരിതാശ്വാസ നിധിയുടെ നിര്‍വഹണ വകുപ്പായ റവന്യൂ അടക്കമുള്ള വകുപ്പ് മന്ത്രിമാര്‍ക്ക് ക്ഷണമില്ല. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
Content Highlights: Chief Minister's Distress Relief Fund, meeting on flooded area reconstruction, kerala floods