തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെ സംരക്ഷണത്തിനും നവോത്ഥാന സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുമെന്നും വര്‍ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ശബരിമലയില്‍ കോടതിവിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിന് എത്തിയവര്‍ക്ക് സംരക്ഷണം നല്‍കി. നിയമവാഴ്ച നിലനില്‍ക്കുന്നിടത്ത് ഈ നിലപാടേ സ്വീകരിക്കാനാകൂ. വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിന് വരുന്നവരേ സര്‍ക്കാരിന് തടയാനാകുമോ? അങ്ങനെ തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ദര്‍ശനത്തിന് വന്ന സ്ത്രീകള്‍ക്ക് അക്രമികളില്‍നിന്ന് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
വര്‍ഗീയശക്തികളെ പ്രതിരോധിച്ചതാണ് ധാര്‍ഷ്ട്യമെന്ന് പറഞ്ഞതെങ്കില്‍ ആ ധാര്‍ഷ്ട്യം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിലെ തിരിച്ചടി താല്‍ക്കാലികമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍.ഡി.എഫിനൊപ്പം നിന്ന ഒരുവിഭാഗത്തെ ചിലര്‍ക്ക് തെറ്റിദ്ധരിപ്പിക്കാനായി. തിരഞ്ഞടുപ്പില്‍ തോറ്റുവെന്നത് സത്യമാണ്. തോല്‍പ്പിക്കാന്‍ കഴിഞ്ഞവര്‍ക്ക് സന്തോഷം തോന്നും. എന്നാല്‍ ഈ വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കേണ്ട. മതിമറന്ന് ആഹ്ലാദിക്കാനുള്ള സാഹചര്യം യു.ഡി.എഫിനുണ്ടോ എന്ന് അവര്‍ ചിന്തിക്കണം- മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Chief Minister Pinarayi Vijayan Explains About Sabarimala Issue and Loksabha Election Result