കേന്ദ്രം നല്‍കിയ അരി സൗജന്യമെന്ന് ഭക്ഷ്യമന്ത്രി, വില നല്‍കണമെന്ന് ഉത്തരവ്


പ്രശാന്ത് കൃഷ്ണ / മാതൃഭൂമി ന്യൂസ്

സൗജന്യ അരിയല്ലെന്ന വാര്‍ത്ത പുറത്തുവന്നതോടെ കേന്ദ്രം തിരുത്തി. ദുരിതാശ്വാസമായി ഒരു മാസത്തേക്ക് സൗജന്യമായാണ് കേരളത്തിന് അരി അനുവദിച്ചതെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: പ്രളയ ദുരിതത്തിലായ കേരളത്തിന് കേന്ദ്രം 89,540 ടണ്‍ അരി അനുവദിച്ചെങ്കിലും സൗജന്യത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം. കേരളത്തിന് വിപണി താങ്ങുവിലയിലാണ് അരി അനുവദിച്ചതെന്ന് കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കി. 223 കോടി രൂപ വരുന്ന അരിയുടെ വില ദുരിതാശ്വാസ ഫണ്ടില്‍ നിന്നോ ഭക്ഷ്യവിഹിതത്തിലോ കുറയ്ക്കും. അതേസമയം ഒരു മാസത്തേക്ക് സൗജന്യമായാണ് അരി അനുവദിച്ചതെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പ്രളയം തകര്‍ത്തെറിഞ്ഞ നാട്ടുകാര്‍ക്ക് റേഷന്‍ നല്‍കുന്നതിന് 118000 മെട്രിക്ക് ടണ്‍ അരി സൗജന്യമായാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ 89540 മെട്രിക്ക് ടണ്‍ അരി വിപണി താങ്ങുവിലയ്ക്ക് അനുവദിച്ചാണ് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി കത്ത് നല്‍കിയത്. അരി എം.എസ്.പി. നിരക്ക് കിലോ 25 രൂപയുള്ള അവസരത്തില്‍ 89540 മെട്രിക്ക് ടണ്‍ അരിയ്ക്ക് 223 കോടി രൂപ കേരളം നല്‍കേണ്ടി വരും.

സൗജന്യ അരിയല്ലെന്ന വാര്‍ത്ത പുറത്തുവന്നതോടെ കേന്ദ്രം തിരുത്തി. ദുരിതാശ്വാസമായി ഒരു മാസത്തേക്ക് സൗജന്യമായാണ് കേരളത്തിന് അരി അനുവദിച്ചതെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മൂന്നു മാസത്തേക്ക് താങ്ങുവിലയ്ക്ക് അധികമായി അരിയും കേന്ദ്രം നല്‍കും

ഇപ്പോള്‍ പണം നല്‍കാതെ കേരളത്തിന് 30 ദിവസത്തിനുള്ളില്‍ അരി എഫ്.സി.ഐയില്‍നിന്ന് സ്വീകരിക്കാം. എന്നാല്‍, സംസ്ഥാനത്തിന് നല്‍കിയ കത്ത് പ്രകാരമാണെങ്കില്‍ അരി വില കേരളം നല്‍കിയില്ലെങ്കില്‍ അര്‍ഹതപ്പെട്ട കേന്ദ്രവിഹിതത്തില്‍നിന്ന് തിരിച്ചു പിടിക്കും. ദേശീയ ദുരന്ത നിവാരണ ഫണ്ടിലോ ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള പദ്ധതി വിഹിതത്തിലോ അരിയുടെ വില കുറച്ച ശേഷമേ കേരളത്തിന് നല്‍കൂവെന്ന് എഫ്.സി.ഐ. സി.എം.ഡിയോട് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കേന്ദ്ര ഭക്ഷ്യമന്ത്രി വിശദീകരിച്ച സാഹചര്യത്തില്‍ ഇപ്പോഴത്തെ ഉത്തരവ് തിരുത്തി ഇറക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram