തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. രണ്ടാഴ്ചക്കകം ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഹൈക്കോടതി ഉത്തരവിനെതിരേ സി.ബി.ഐ അപ്പീല്‍ പോകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ തന്റെ പടയൊരുക്കം യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം സി.ബി.ഐ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ലാവലിന്‍ കേസില്‍ സി.പി.എമ്മും-ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്നും അതുകൊണ്ടാണ് സി.ബി.ഐ അപ്പീല്‍ പോകാത്തതെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതിനിടെയാണ് അപ്പീല്‍ നല്‍കാനുള്ള തീരുമാനം വരുന്നത്.
കേസില്‍ സി.ബി.ഐക്ക് അപ്പീല്‍ പോകാമെന്ന് ഹൈക്കോടതിയില്‍ സി.ബി.ഐക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജന്‍ സി.ബി.ഐ ഡയറക്ടറേറ്റിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ കൂടെ അടിസ്ഥാനത്തിലാണ് അപ്പീല്‍ പോകാനുള്ള തീരുമാനം.
നവംബര്‍ 21-ന് ആണ് ഹൈക്കോടതി വിധി വന്നിട്ട് 90 ദിവസം തികയുന്നത്. ഇതിന്റെ മുന്നോടിയായി തന്നെ അപ്പീല്‍ നല്‍കാനാണ് സി.ബി.ഐ ആലോചിക്കുന്നത്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനു നല്‍കിയതില്‍ 374 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ. യുടെ കേസ്. 2013-ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരേ തിരുവനന്തപുരം സി.ബി.ഐ. കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പിണറായി അടക്കം മൂന്നുപേര്‍ക്ക് വിടുതല്‍ നല്‍കി മറ്റുള്ളവര്‍ക്കെതിരെ വിചാരണ നടത്താനായി ഉത്തരവ്.