കോഴിക്കോട്: ശക്തമായ പ്രളയത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. കേരളത്തിന്റെ എല്ലാ ജില്ലകളിലുമായി രണ്ടര ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കൈക്കുഞ്ഞുങ്ങളും പ്രായമായവരുമടക്കം നിരവധി പേര്‍ക്കാണ് സ്വന്തം വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്നത്.
കേരളത്തിലെ സന്നദ്ധസംഘടനകളും മറ്റും കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നുണ്ട്.
ഇപ്പോഴിതാ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിങ്ങള്‍ക്കും എളുപ്പത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാം. രാജ്യത്തെ പ്രധാന ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ആമസോണാണ് ഇതിന് സൗകര്യമൊരുക്കുന്നത്. ആമസോണ്‍ ആപ്പ് വഴി മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക.
നിങ്ങള്‍ ചെയ്യേണ്ടത് ഇങ്ങനെ:
1. ആമസോണ്‍ ആപ്പ് തുറന്നാല്‍ കാണുന്ന 'Kerala needs your help' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
2. ഇപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ മൂന്ന് എന്‍.ജി.ഒകളുടെ പേരു കാണാം. ഇതില്‍ ഏതെങ്കിലും ഒരു എന്‍.ജി.ഒയുടെ സേവനം തിരഞ്ഞെടുക്കുക. ഇവര്‍ വഴിയാണ് ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാനാകുക.
3. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക ഇവിടെ കാണാം.
4. നിങ്ങള്‍ക്ക് നല്‍കാനാകുന്ന സാധനങ്ങള്‍ ഉവിടെ നിന്ന് കാര്‍ട്ടിലേക്ക് ആഡ് ചെയ്യുക.
5. തുടര്‍ന്ന് ചെക്ക്ഔട്ട് ചെയ്ത് പണമടച്ചാല്‍ നിങ്ങള്‍ തിരഞ്ഞെടുത്ത സാധനങ്ങള്‍ എന്‍.ജി.ഒയുടെ വിലാസത്തിലേക്ക് ഡെലിവര്‍ ആകും. ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചുകൊള്ളും.
6. ശ്രദ്ധിക്കേണ്ട കാര്യം, ഡെലിവറി അഡ്രസ് എന്‍.ജി.ഒയുടേത് തന്നെയാണെന്ന് ഉറപ്പുവരുത്തണം എന്നതാണ്.
പ്രവാസികള്‍ക്കും മറ്റും കേരളത്തിന് കൈത്താങ്ങാകാന്‍ ഈ സംവിധാനം ഉപയോഗിക്കാം.
Content Highlights: essential goods to relief camps, amazon