തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ഹൈക്കോടതിയുടേത് യുക്തിരഹിതമായ അഭിപ്രായ പ്രകടനമാണ്. കോടതി വിധി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സ്പീക്കര്‍ പ്രതികരിച്ചു.
സൂര്യനുതാഴെയുള്ള എന്ത് കാര്യത്തിനും അഭിപ്രായം പറഞ്ഞ് അന്തിമ തീരുമാനമെടുക്കേണ്ടത് തങ്ങളാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിന്റെ പേരാണ് അസംബന്ധം. അത് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമില്ല. ജനാധിപ്യത്തില്‍ പരമാധികാരം ജനങ്ങളുടെ നിശ്ചയത്തിന്റേയും അഭിലാഷത്തിന്റേയും പ്രതീകമായ നിയമനിര്‍മ്മാണ സഭകള്‍ക്കും പാര്‍ലമെന്റിനുമാണ്- സ്പീക്കര്‍ പറഞ്ഞു.
കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യാഴാഴ്ചയും ആവര്‍ത്തിച്ചിരുന്നു. മാതാപിതാക്കള്‍ കുട്ടികളെ കോളേജില്‍ വിടുന്നത് പഠിക്കാനാണ്, പഠനത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അതിന്റേതായ സ്ഥലമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പൊന്നാന്നി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നും കലാലയ രാഷ്ട്രീയ നിരോധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
ഹൈക്കോടതി ഉത്തരവിനെതിരെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. കോടതി ഉത്തരവ് അപമാനകരമാണെന്നായിരുന്നു സിപിഎം നേതാവ് എംഎ ബേബിയുടെ പ്രതികരണം. കോടതി വിധി നിര്‍ഭാഗ്യകരമാണ്, വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വിഎസ് ആവശ്യപ്പെട്ടു. കലാലായ രാഷ്ട്രീയ അനിവാര്യമാണെന്നായിരുന്നു വിഎം സുധീരന്റെ പ്രതികരണം. കോടതി ഉത്തരവില്‍ വിദ്യാര്‍ഥി സംഘടനകളും എതിര്‍പ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.