തിരുവനന്തപുരം: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വ്യവസായ വായ്പാ - വായ്പാ നയ വിഭാഗം ജനറല്‍ മാനേജരായി സേവനമനുഷ്ഠിക്കുന്ന പി.എസ് രാജനെ കേരള ബാങ്കിന്റെ സിഇഒ ആയി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊതുമേഖലാ ബാങ്കില്‍ മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം.
കാര്‍ഷിക ബിരുദാനന്തര ബിരുദധാരിയായ പി.എസ് രാജന്‍ ഗ്രാമവികസന ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മുന്‍ഗണനാ വായ്പ, വായ്പാ നയം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങളില്‍ ബാങ്കിന്റെ വിവിധതല ചുമതലകള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം യൂണിയന്‍ ബാങ്കിന്റെ കോട്ടയം, കോഴിക്കോട്, എറണാകുളം റീജിയണല്‍ മേധാവി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിന്റെ ഗ്രാമീണ സംരംഭക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായും കിറ്റ്‌കോയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്ര ധനകാര്യ വകുപ്പ് ചെറുകിട ഇടത്തരം വ്യവസായ വായ്പ വിതരണത്തിന് നല്‍കുന്ന അവാര്‍ഡ്, കേരളത്തില്‍ കുടുംബശ്രീ വായ്പാ വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം എന്നിവ യൂണിയന്‍ ബാങ്കിന് വേണ്ടി നേടിയിട്ടുണ്ട്. മൊബൈല്‍ ബാങ്കിംഗ്, ആധാര്‍ ബ്രിഡ്ജ് എന്നിവയുടെ പ്രാരംഭദശയില്‍ എന്‍പിസിഐയുമായി സഹകരിച്ച് ഡിജിറ്റല്‍ ബാങ്കിങ് ഉത്പന്ന വികസനരംഗത്തും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കോതമംഗലം സ്വദേശിയായ പിഎസ് രാജന്‍ കേരള കാര്‍ഷിക സര്‍വകലാശാല പൂര്‍വ വിദ്യാര്‍ഥിയാണ്.
Content Highlights: Cabinet decided to appoint PS Rajan as CEO of Kerala Bank