ന്യൂഡല്‍ഹി: ഏപ്രില്‍ 21ന് ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ പരിശീലനങ്ങള്‍ക്കായി കേരളത്തിലും കശ്മീരിലും എത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനനായകെ ഇക്കാര്യം വ്യക്തമാക്കിയത്.
തീവ്രവാദികളായ ചിലര്‍ ഇന്ത്യയിലെത്തുകയും ബെംഗളൂരു, കശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നേടുന്നതിനോ മറ്റു തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നതിനോ ആയിരിക്കാം ഇവര്‍ ഇവിടങ്ങള്‍ സന്ദര്‍ശിച്ചതെന്നാണ് കരുതുന്നതെന്നും സൈനിക മേധാവി പറഞ്ഞു.
ശ്രീലങ്കയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധനകള്‍ നടത്തിയിരുന്നു. കേരളത്തില്‍നിന്ന് ഒരാളെ അറസ്റ്റ് ചെയ്യകയും ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് ആദ്യമായാണ് ശ്രീലങ്കയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടാകുന്നത്.
കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയ എന്‍ഐഎ, ശ്രീലങ്കയിലെ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കശ്മീരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയവര്‍ കേരളത്തിലെത്തിയതായുള്ള വിവരം സംബന്ധിച്ച് ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈനിക വക്താവ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഇതു സംബന്ധിച്ച് ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗംതന്നെ സ്ഥീരീകരണം നടത്തുമെന്നാണ് കരുതുന്നതെന്നും വക്താവ് പറഞ്ഞു.
Content Highlights: bombers visited Kerala for training, Sri Lanka army chief, Sri Lanka blast