കണ്ണൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നേരേ കണ്ണൂര്‍ പഴയങ്ങാടിയില്‍ എസ്എഫ്‌ഐ, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. യെദ്യൂരപ്പയുടെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് മാടായി ക്ഷേത്രത്തിലേക്കുള്ള യാത്രമധ്യേയാണ് യെദ്യൂരപ്പയ്ക്ക് നേരേ പ്രതിഷേധമുണ്ടായത്. ആദ്യം വാഹനവ്യൂഹത്തിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിവീണു. തുടര്‍ന്ന് വാഹനവ്യൂഹം മറ്റൊരു ദിശയിലേക്ക് നീങ്ങി. ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരും കര്‍ണാടക മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ അടുത്തെത്തി കരിങ്കൊടി കാണിച്ചു.
മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കൊടി കെട്ടിയ വടി കൊണ്ട് ശക്തമായി അടിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് പോലീസ് സംഘം പ്രതിഷേധക്കാരെ റോഡില്‍നിന്ന് നീക്കിയത്. സംഭവത്തെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി പത്തുമിനിറ്റോളം റോഡില്‍ കുടുങ്ങികിടന്നു. പിന്നീട് കണ്ണൂര്‍ നഗരത്തിലും യെദ്യൂരപ്പയുടെ വാഹനവ്യൂഹത്തിന് നേരേ കരിങ്കൊടി പ്രതിഷേധമുണ്ടായി.
അതേസമയം, തനിക്ക് നേരേയുണ്ടായ കരിങ്കൊടി പ്രതിഷേധം കേരളത്തിന് അപമാനകരമാണെന്ന് ബി.എസ്. യെദ്യൂരപ്പ പ്രതികരിച്ചു. ആസൂത്രിതമായ പ്രതിഷേധങ്ങളാണ് കേരളത്തിലുണ്ടായതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെത്തിയപ്പോള്‍ പ്രതിഷേധം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക മുഖ്യമന്ത്രിക്ക് നേരേ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസും പറഞ്ഞു. എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് നടപ്പാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: black flag protest against karnataka chief minister bs yedyurappa in kannur by sfi congress workers