തിരുവനന്തപുരം: കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷമേയുണ്ടാകൂവെന്ന് സൂചന. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി മാറ്റി സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണി നടത്താന്‍ ശ്രമിച്ച കേന്ദ്ര നേതൃത്വത്തിന് കാര്യങ്ങള്‍ വിചാരിച്ച വേഗതയില്‍ മുന്നോട്ടുപോകില്ലെന്ന് വ്യക്തമായതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയും അതിന് പിന്നാലെ അധ്യക്ഷ സ്ഥാനത്തിനെ ചൊല്ലി ഗ്രൂപ്പ് നേതാക്കള്‍ രണ്ടുപക്ഷത്തായി നിലയുറപ്പിച്ചതോടെയാണ് അധ്യക്ഷ നിര്‍ണയം കീറാമുട്ടിയായത്. കെ സുരേന്ദ്രനെ അധ്യക്ഷനാക്കാനായിരുന്നു കേന്ദ്രനേതൃത്വം കരുതിയിരുന്നതെങ്കിലും സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വവും കൃഷ്ണദാസ് വിഭാഗവും ഇതിനെതിരെ ശക്തമായ നിലപാടെടുത്തതോടെയാണ് കാര്യങ്ങള്‍ അവതാളത്തിലായത്.
അതിനിടെ അധ്യക്ഷനെ സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ സമവായമാകാത്ത സാഹചര്യം നിലനില്‍ക്കെ ബിജെപി നേതൃയോഗം തിങ്കളാഴ്ച ചേരും. അധ്യക്ഷനില്ലാത്ത അവസ്ഥ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തുന്നതില്‍ വീഴ്ചയുണ്ടാക്കുന്നുവെന്ന നിഗമനത്തേ തുടര്‍ന്നാണ് നേതൃയോഗം ചേരുന്നത്.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ വി. മുരളീധരന്‍ എം.പിയെ പരിഗണിച്ചില്ലെങ്കില്‍ അധ്യക്ഷ പദവി നല്‍കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. അതേസമയം പാര്‍ട്ടി ഭാരവാഹികള്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധനയില്‍ മുന്‍തൂക്കം ലഭിച്ച എ.എന്‍ രാധാകൃഷ്ണനെ അധ്യക്ഷനാക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം.
Share this Article
Related Topics