തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പത്തു ദിവസമായി നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണിത്. ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റുചെയ്തത്.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ അവര്‍ക്കുപകരം നിരാഹാര സമരം തുടരും. സി.കെ പത്മനാഭനാണ് ശോഭ സുരേന്ദ്രനുമുമ്പ് നിരാഹാര സമരം നടത്തിവന്നത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് ശോഭ സുരേന്ദ്രന്‍ സമരം തുടങ്ങിയത്.
സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയാണ് ബിജെപി സമരം നടത്തുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. മറുഭാഗത്തുള്ളത് രാക്ഷസീയ ശക്തികളാണ്. അവരുടെ മനസില്‍ മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. ധര്‍മ്മ സമരമാണ് ബിജെപി നടത്തുന്നതെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ പെണ്‍സിംഹവും വര്‍ത്തമാന കാലത്തിലെ ഝാന്‍സി റാണിയുമാണ്. അതുകൊണ്ടാണ് അവര്‍ക്ക് 10 ദിവസം നിരാഹാരം കിടക്കാന്‍ കഴിഞ്ഞതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പാലക്കാട്ടു നിന്നുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജനാണ് അടുത്തതായി നിരാഹാരം കിടക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്ന് ശിവരാജനെ മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ പൊന്നാട അണിയിച്ചു.
Content Highlight;Bjp hunger strike: shobha surendran shifted to hospital