പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. അറസ്റ്റിലായ ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഇനി ജാമ്യത്തിനായി ബിഷപ്പിന് ഹൈക്കോടതിയെ സമീപിക്കണം.
24 ന് ഉച്ചക്ക് 2.30 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇതിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കണം. മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് വീണ്ടും ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി.
ഇതിനകം തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ലൈംഗിക ശേഷി പരിശോധനയും കസ്റ്റഡി കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കണം. തന്റെ അനുമതിയില്ലാതെ ഉമിനീരും രക്തവും ശേഖരിച്ചതായി ബിഷപ്പ് കോടതിയെ അറിയിച്ചതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വൈദ്യപരിശോധനയ്ക്കായി ബിഷപ്പിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കെത്തിച്ചു.
രണ്ട് തവണ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുള്ളതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. രക്ത സമ്മര്‍ദമാണ് ബിഷപ്പിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തില്‍. നിലവില്‍ ബിഷപ്പിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
content highlights: Bishop Franco Mulakkal, Bishop Franco Arrested, Bishop Franco in remand